2017 ഡിസംബർ 3, ഞായറാഴ്‌ച


1 സമുദ്രത്തില്‍ കുമിളകളെന്നപോലെ ഏതൊരണുവിന്റെ ഉള്ളിലാണ് അനന്തകോടി ബ്രഹ്മാണ്ഡങ്ങളുണ്ടായി നിലനിന്നു വിലയം പ്രാപിക്കുന്നത്?

മനസ്സു തുടങ്ങിയ ആറിന്ദ്രിയങ്ങള്‍ക്കും വേദ്യമല്ല പരമാത്മാവെന്ന കാരണത്താല്‍ പരമാണുതന്നെ. അതിലാണ് സംഖ്യാതീതങ്ങളായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നത്.

2 ആകാശമല്ലാത്ത ആകാശം ഏതാണ്?

ബഹിര്‍ഭാഗം, അന്തര്‍ഭാഗം എന്ന ഭേദമില്ലാത്തിനാല്‍ പരമാത്മാവ് ആകാശം തന്നെ. എന്നാല്‍ ഭൂതാകാശം പോലെ ജഡമൊട്ടല്ലതാനും. അതിനാല്‍ ആകാശമല്ലാത്ത ആകാശമെന്നു പറയുന്നതും പരമാത്മാവിനെത്തന്നെ.

3 ഒന്നുമല്ലാത്ത വസ്തു ഏതാണ്?

ഇന്നതെന്നു വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതുകൊണ്ട് ഒന്നുമല്ലാത്ത വസ്തുവും പരമാത്മാവുതന്നെ.

4 ഏതൊന്നാണ് പോയാലും പോവാത്തതായിട്ടിരിക്കുന്നത്?

സത്താമാത്രവും ചേതനാത്മകവുമായ ബ്രഹ്മം എങ്ങും നിറഞ്ഞിരിക്കയാല്‍, പോയും പോവാത്തതായിട്ടിരിക്കുന്നു.

5 ഏതൊന്നാണ് എല്ലാറ്റിനേയും കാണാതെ കാണുന്നത്?

ചേതനാത്മകമാകയാല്‍ എല്ലാറ്റിനേയും കാണുന്നതും ദൃഗാദി ഇന്ദ്രിയങ്ങളില്ലാത്തതിനാല്‍ കാണല്‍ തുടങ്ങിയ വ്യാപാരങ്ങളില്ലാത്തതുമാണ് പരമാത്മാവെന്ന കാരണത്താല്‍ എല്ലാറ്റിനെയും കാണാതെ കാണുന്നു എന്നു പറയുന്നതും യുക്തം തന്നെ.

6 ചേതനാസ്വരൂപമാണെങ്കിലും ഏതൊന്നു കല്ലുപോലിരിക്കുന്നു?

ചേതനാസ്വരൂപമാണെങ്കിലും തന്നില്‍നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ അറിയുക എന്നൊന്നില്ലാത്തതുകൊണ്ടു പരമാത്മാവ് കല്ലുപോലെത്തന്നെ.

7 ആകാശത്തില്‍ ചിത്രമെഴുതുന്നതാരാണ്?

ചിദാകാശസ്വരൂപമായ തന്നില്‍ താന്‍തന്നെയാണ് ജഗച്ചിത്രങ്ങളെ എഴുതുന്നത്.

8 വിത്തില്‍ വൃക്ഷമെന്നപോലെ ഏതൊരണുവില്‍ ജഗത്തെല്ല‍ാം ബീജാകാരേണ അടങ്ങിയിരിക്കുന്നു?

ദൃശഷ്ടമായ ഈ ലോകം മുഴുവന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായതാകയാല്‍ വിത്തില്‍ വൃക്ഷമെന്നപോലെ ബ്രഹ്മത്തില്‍ ജഗജ്ജ്വാലങ്ങള്‍ ബീജാകാരേണ ലയിച്ചിരിക്കുന്നു.

9 തിരനുര മുതലായവ സമുദ്രത്തില്‍ നിന്നു വേറയല്ലാത്തതുപോലെ എല്ലാ വസ്തുക്കളും ഏതൊന്നില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

എല്ല‍ാംതത്ഭവമാണെന്ന കാരണത്താല്‍ ഒന്നും പരമാത്മാവില്‍ നിന്നു വേറെയല്ല.

10 ദ്വൈതംപോലും ഏതൊരു മഹാസമുദ്രത്തില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

അദ്വൈതംപോലും പരമാത്മാവില്‍ നിന്നു വേറെയല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ