2020 മേയ് 4, തിങ്കളാഴ്‌ച

വേട്ടനായ ഇനമായ “കൊള്ളുവരിയൻ"
നായ എന്ന് കേട്ടാൽ ആദ്യം തന്നെ മനസ്സിൽ വരുന്ന വാക്ക് നന്ദി എന്നായിരിക്കും. അതുകൊണ്ടായിരിക്കാം മനുഷ്യൻ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നായയെയാണ്.
മനുഷ്യന്റെ ഏറ്റവും ആദ്യത്തെയും, ഏറ്റവും അടുപ്പമുള്ളതുമായ സുഹൃത്ത് നായയാണ്.
അത് നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന നാടൻ നായ്ക്കൾ.
അല്ലാതെ നാം കാശുകൊടുത്തു ആഢ്യത്വം കാണിക്കുവാനായ്‌ വാങ്ങുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിദേശ ഇനങ്ങൾ അല്ല.
കുറച്ചു മാസങ്ങൾക്ക് മുമ്പ് വംശനാശഭീഷണി നേരിടുന്ന പാലക്കാടൻ വേട്ടനായ ഇനമായ “കൊള്ളുവരിയൻ” എന്ന ഇനത്തെക്കുറിച്ചു ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും ആയ വിവരങ്ങൾ ഒരു പോസ്റ്റ് ആയി ഇട്ടിരുന്നു. ഒരുപാട് പേരിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റ്‌ പ്രാദേശിക ഇനങ്ങളായ രാജപാളയം, കൊമ്പയ്, കണ്ണി, മുധോൾ അഥവാ കാരവൻ ഹൗണ്ട് എന്നിവയെപ്പോലെതന്നെ വളരെ ഗുണമേന്മ ഉള്ളതും, പ്രാദേശിക ചുറ്റുപാടുകളിൽ ഇണങ്ങി ചേർന്ന് രോഗങ്ങൾക്കടിമപ്പെടാതെ നല്ല കാവൽ നായ ആയി വളർത്താൻ പറ്റുന്ന ഇനമാണ് കൊള്ളുവരിയൻ.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം നായസ്നേഹികൾ അവരവരുടെ പ്രാദേശിക ഇനങ്ങളെ പ്രത്യേകം പരിപാലിച്ചു ഒരു ബ്രാൻഡ് ആയി വികസിപ്പിച്ചു കഴിഞ്ഞു.
നമുക്കും ഇതുപോലെ ഈ ഇനത്തെ വികസിപ്പിക്കാവുന്നതാണ്. അന്യം നിന്നു കൊണ്ടിരിക്കുന്ന കൊള്ളുവരിയനെ വീണ്ടും പുനരുജ്ജീവിക്കുവാൻ നമ്മൾ ഒത്തൊരുമിച്ചു ശ്രമിച്ചാൽ നടക്കും. ഒരു ചരിത്രമാകും നമ്മളുടെ ഈ പ്രവർത്തനം.
വർഗ്ഗശുദ്ധി പൂർണ്ണമായും നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ അവശേഷിക്കുന്ന നായ്ക്കളെ കണ്ടുപിടിച്ചു നമ്മളാൽ കഴിയുന്ന പോലെ ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
കഴിഞ്ഞ ഒരു മാസത്തെ പ്രായത്നഫലമായി പാലക്കാടിന്റെ പലഭാഗത്തുമായി ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനിതകഗുണങ്ങൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കും നശിക്കില്ല എന്ന വിശ്വാസം മുൻ നിർത്തി നമുക്ക് പ്രവർത്തിക്കാം.
കൊള്ളുവരിയനെ പരിപാലിച്ചിരുന്നത് പ്രധാനമായും ആട് വളർത്തൽ മുഖ്യ തൊഴിലായിരുന്ന പാലക്കാടിലെ ചിറ്റൂർ, ആലത്തൂർ, കൊല്ലങ്കോട്, കോട്ടായി, മങ്കര, ധോണി, കഞ്ചിക്കോട്, മലമ്പുഴ എന്നീ ഭാഗങ്ങളിലാണ്...
വള്ളുവനാട്ടിൽ ഇവയെ വ്യാപകമായി വളർത്തിയിരുന്നതായി അറിവില്ല...
ആട് വളർത്തുന്ന ആളുകൾ മാത്രമല്ല, കർഷകർ പണിയെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കാനും, കൃഷി സംരക്ഷിക്കാനും ഇവയെ വളർത്തിയിരുന്നു.
പാലക്കാടിലെ ഒരു കള്ളുഷാപ്പിൽ ഒരു കൊള്ളുവരിയൻ പെൺപട്ടി രണ്ടു കൊള്ളുവരിയൻ കുഞ്ഞുങ്ങളെ പ്രസവിക്കുകയും റോഡ് മുറിച്ചു കടക്കുന്ന സമയത്തു വാഹനം ഇടിച്ചു ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അന്ന് ഞാൻ സ്‌കൂളിൽ ആണ്. ഇതറിഞ്ഞ ഞാൻ ആ സ്ഥലത്തെത്തുകയും ഒരു പൊന്തക്കാടിനകത്തു നിന്നും കുഞ്ഞുങ്ങളെ എടുത്തു വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ചു പാലുകൊടുത്തു നിർത്തുകയും ചെയ്തു എന്നാൽ ഏകദേശം രണ്ടു മാസം പ്രായം വരുന്ന ആ കുഞ്ഞുങ്ങളുടെ ഭീകരമായ ലൂക്ക് അതുപോലെ പരസ്പരം ആക്രമിക്കാനുള്ള ത്വര, ഓട്ടവും ചാട്ടവും എല്ലാം കണ്ട എന്റെ അമ്മ കുടുംബത്തിലെ എല്ലാവരുടെയും സുരക്ഷയെക്കരുതി അവയെ തിരികെ കൊണ്ടു വിടാൻ നിർബന്ധം പിടിച്ചു.
പിന്നീട് അവയെക്കുറിച്ചു യാതൊരു വിവരവും കിട്ടിയില്ല.
ഇവയുടെ ലക്ഷണങ്ങൾ ശരീരം ഡാർക്ക് ബ്രൗണ്, അതിൽ കറുത്ത വരകൾ ഒരു കടുവയെപ്പോലെ... പാതിയിൽ വച്ചു ഒടിഞ്ഞു തൂങ്ങിയ ചെവികൾ, ചോരക്കണ്ണുകൾ, മുരളൽ ആണ് പ്രധാനം, കുരയ്ക്ക് നല്ല മുഴക്കമാണ്...
വാൽ വണ്ണം കുറവ് അതുപോലെ രോമം കുറവ്... വാലിന് ഭംഗി ഉണ്ടാവില്ല.
നല്ല തടിയും, ഉറച്ച പേശികളും, നല്ല കായികക്ഷമതയും...ഇതൊരു തനിനാടൻ ജനമാണ്…
ഇവയെ സംരക്ഷിക്കാൻ ഇപ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യം.
ലക്ഷണങ്ങളും, പെരുമാറ്റവും ഉറപ്പു വരുത്തി ഒരേ പോലെയുള്ള ആണിനേയും, പെണ്ണിനേയും വളർത്തി മറ്റ് നായ്ക്കളുമായി ഇണചേരാൻ അനുവദിക്കാതെ വളർത്തിയാൽ ഈ ഇനത്തെ വീണ്ടും നന്നാക്കിയെടുക്കാം.
ഇപ്പോൾ ഒരു 15 ഓളം പപ്പികളെ പല ഭാഗത്തായി ആളുകൾ കണ്ടു വച്ചിട്ടുണ്ട്... അവയെ ഒരു 15 പേര് മുന്നോട്ടു വന്ന ദത്തെടുത്തു വാക്‌സിനേഷൻ, നല്ല ആഹാരം, നല്ല പരിശീലനം കൊടുത്തു വളർത്തിയാൽ രണ്ടു വർഷത്തിനകം നമുക്ക് നല്ല ഒരു ലൈനേജ്‌ ഉണ്ടാക്കാം.
വർഗ്ഗശുദ്ധി ഉറപ്പു വരുത്തണമെങ്കിൽ പരേന്റ്‌സ് കൊള്ളുവരിയൻ ആയിരിക്കണം...
മിക്കവാറും കേസുകളിൽ ഫാദർ കൊള്ളുവരിയനും, മദർ നാടനും ആകും...
പിന്നെ കൊള്ളുവരിയനും നാടൻ ആണ് അതുകൊണ്ട് ഇപ്പോൾ ചെയ്യാവുന്ന കാര്യം
തെരഞ്ഞെടുത്ത പപ്പികളെ നല്ലപോലെ പരിപാലിച്ചു ഒബ്സർവേഷനിൽ വയ്ക്കുക... സ്വഭാവഗുണങ്ങൾ നോക്കി അവയിലെ കൊള്ളുവരിയന്റെ സ്വത്വം എത്ര % ഉണ്ടെന്ന് നോക്കുക.. എന്നിട്ട് ഏറ്റവും മികച്ച ആണിനേയും, പെണ്ണിനേയും ഇണച്ചേർത്ത് നമ്മളാൽ കഴിയും വിധം പുതിയ വർണ്ണശുദ്ധിയുള്ള കുട്ടികളെ സൃഷ്ടിക്കുക.. എന്നിട്ട് ഈ ലൈനേജ്‌ നശിക്കാതെ നോക്കുക…
നമ്മൾ കണ്ടെത്തിയ കുട്ടികളെ കണ്ട ആളുകൾ പറഞ്ഞത് ഈ കൂട്ടുകൾ എല്ലാം നല്ല സ്മാർട്ട് ആണ് റെസ്പോൻസിവ് ആണെന്നാണ്.
സ്വഭാവവൈശിഷ്ട്യങ്ങളിലൂടെ ആധികാരികത ഉറപ്പു വരുത്തുകയെ തൽക്കാലം മർഗ്ഗംഉള്ളൂ.
കളർ മാത്രമല്ല 40- 50 ദിവസം പ്രായമായാൽ തന്നെ നമുക്ക് സ്വഭാവം നോക്കി തിരിച്ചറിയാം...
മറ്റ് കുഞ്ഞുങ്ങൾക്ക് മേലെ ഒരു ആധിപത്യം ഉണ്ടാകും ഈ കൊള്ളുവരിയന്...
അതിന്റെ ആക്രമണ ശൈലി... നോട്ടം ഭാവം... മുരൾച്ച എല്ലാം നോക്കും... ഒരു 4 മാസം ആയാൽ നമുക്ക് ഉറപ്പിക്കാം....
ഒരു 15 പേര് മുന്നോട്ടു വന്നാൽ അന്യം നിന്നുകൊണ്ടിരിക്കുന്ന പാലക്കാടൻ ഹൗണ്ട് ആയ കൊള്ളുവരിയനെ നമുക്ക് സംരക്ഷിക്കാം…
മറ്റ്‌ പ്രാദേശിക ബ്രീഡുകളെപ്പോലെ ഇവയെയും നമുക്ക് വളർത്തിയെടുക്കാം.
പരിപാലനം വളരെ ചെലവ് കുറഞ്ഞതാണ്.
മുമ്പ് സൂചിപ്പിച്ചത് പോലെ ഇതൊരു വേട്ടനായ ആണ്, ഒരു അപരിഷ്കൃതന്റെ എല്ലാ ഗുണങ്ങളും, ദോഷങ്ങളും ഈ ഇനത്തിന്റെ സ്വഭാവമാണ്. ഇതിന്റെ ആക്രമനോത്സുകത കൂട്ടുന്നതിനായി വേവിക്കാത്ത മാംസം ആണ് കൊള്ളുവരിയന് കൊടുക്കാറുള്ളത്. അതുകൊണ്ട് അതിന്റെ സ്വാഭാവികമായ ഇരയെ ആക്രമിച്ചു വീഴ്ത്താനുള്ള ത്വര വർദ്ധിക്കുന്നു.
എങ്കിൽ തന്നെയും ആട്ടിടയന്റെ വിശ്വസ്തനാണ്, കൊടുക്കുന്ന എല്ലാ ആഹാരവും കഴിക്കാറുണ്. ആടിനെ അറുത്ത ശേഷം ബാക്കി വന്ന പണ്ടം അതായത് കുടൽ മാല വൃത്തിയാക്കി പാതി വേവോടെ കൊടുക്കാറുണ്ടെന്ന് മുമ്പ് വളർത്തിയിരുന്ന ഒരു ആട്ടിടയൻ പറഞ്ഞിരുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന കൊള്ളുവരിയന്റെ ഉയരം ഒരു നല്ല ഉയരമുള്ള നാടൻ മുട്ടനാടിനോളം തന്നെ ഉണ്ടായിരുന്നു. രാത്രി ആട്ടിൻ പറ്റങ്ങളെയും കൊണ്ട് ഉറങ്ങുന്ന ആട്ടിടയന് കൊള്ളുവരിയന്റെ സംരക്ഷണത്തിൽ ഒരു ദുശ്ചിന്തയും കൂടാതെ ഉറങ്ങാമായിരുന്നു.
കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ: പാലക്കാടിൻറെ സ്വന്തം വേട്ടനായ
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒരു കാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ എന്ന പാലക്കാടൻ ഇനം.
കാണുന്ന മാത്രയിൽ തന്നെ ഒരു ഷേർലക്ക് ഹോംസ് കഥയായ "ബാസ്‌കർ വില്ലയിലെ വേട്ടനായയെ" ഓർമ്മിപ്പിക്കുന്ന ആകാരമാണ് ഇവയുടെ സവിശേഷത. നല്ല കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞതാണ് ഇവയുടെ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല് നല്ല മുഴക്കമുള്ള കുരയുടെ ശബ്ദം.. ഇവയ്ക്ക് കൊള്ളുവരയൻ എന്ന പേര് കിട്ടാൻ കാരണം പാലക്കാട് കൃഷി ചെയ്യുന്ന കൊള്ളിന്റെ നിറമാണ് ഇവയ്ക്ക്, പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുക, കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ട് ഇവയെ കൊള്ളു വരയൻ എന്ന് വിളിക്കുന്നു. ഗ്രാമ്യഭാഷയിൽ കൊള്ളു വരിയൻ എന്ന് വിളിക്കും.
സാധാരണയായി ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല…
ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.
1995 ൽ വീട്ടിൽ രണ്ട് പപ്പീസ് ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ നിർബന്ധം കാരണം രണ്ടിനെയും വേറൊരാൾക്ക് കൊടുക്കേണ്ടി വന്നു. ഇപ്പോൾ ഈ വർഗ്ഗത്തെ തെരഞ്ഞുകൊണ്ടിരിക്കുന്നു. Great Daneനെപ്പോലെ വലിപ്പവും, റോട്ട് വീലറിന്റെ പേശികളും, ഡോബർമാന്റെ പൗരുഷവും, ഡാഷ് ഹൗണ്ടിന്റെ സ്നേഹവും ചടുലതയും, ജർമൻ ഷെപ്പേർഡിന്റെ ആഢ്യത്വവും ഒരുമിച്ചു കാണാൻ കഴിയുന്ന ഇന്ത്യൻ ബ്രീഡ് ആണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ.
#കൊള്ളുവരിയന്മാരുടെ ഇപ്പോഴത്തെ അവസ്ഥ
പാലക്കാട് നിന്നും മലയോരകൃഷിയും, ആട് മേയ്ക്കലും, നായാട്ടും ഒക്കെ ഇല്ലാതായതോടെ കൊള്ളുവരയൻ നായ്ക്കളുടെ കഷ്ടകാലവും തുടങ്ങി. ഇപ്പോൾ മലയോരങ്ങളിൽ ചെലവ് കുറഞ്ഞ സോളാർ വൈദ്യുത വേലികളും, മുൾകമ്പിവേലികളും ആണ് കൃഷി സംരക്ഷിക്കാനായി ഉപയോഗിക്കുന്നത്. അതുപോലെ കൃഷിക്കാർ എയർഗണ്ണും മറ്റും ഉപയോഗിച്ച് പന്നികളെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കുവാനും തുടങ്ങി. പഴയപോലെ വടികളും, അമ്പും, വില്ലുമായി കാടിളക്കി ആരും നായാട്ടിന് പോകാറുമില്ല. എൻറെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്, മുമ്പിൽ ഒരു കൊള്ളുവരയൻ നായും, കയ്യിൽ നല്ല കുറുവടികളും, തോട്ടികളുമായി പുഴയിറമ്പിൽ നായാട്ടിന് പോകുന്ന കരിയങ്കോട് എന്ന പാലക്കാടൻ ഗ്രാമത്തിലെ പണിയില്ലാത്ത ചെറുപ്പക്കാരുടെ ചിത്രം. കൊള്ളുവരയൻ നായ്ക്കളെ പൊതുവെ ആളുകൾ വീട്ടിൽ വളർത്താറില്ല, കാവൽ മാടങ്ങളിലും,നായാട്ടു സംഘങ്ങളിലും, ആട്ടിടയന്മാരുടെയും കൂടെയാണ് അവയുടെ സ്വതന്ത്രമായ താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. പാലക്കാട് ജില്ലയിലിപ്പോൾ കള്ളുഷാപ്പുകൾ, ഇറച്ചി മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സ്ഥലം അങ്ങനെയുള്ള സ്ഥലങ്ങളിൽ ആണ് കൊള്ളുവരയന്മാർ കാണപ്പെടാറുള്ളത് എന്നാണ്. അങ്ങനെ അവിടെ ജനിച്ചു അവിടെ വളർന്നു അവിടെ എന്ന ചേർന്ന് അവിടെ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരോഗ്യമുള്ള കാലത്തോളം രാജാവായി ജീവിക്കുകയും, പരിക്കുകൾ പറ്റി ആരോഗ്യം നശിക്കുമ്പോൾ മറ്റ് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ വെടിയാനുമാണ് കൊള്ളുവരിയൻറെ വിധി.
മിക്കവാറും സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് നായകളുടെ കടിയേറ്റ് വൃണങ്ങളുമായാണ് ഇവയെ കാണുന്നത്. അതുകൊണ്ട് എവിടെയൊക്കെ പ്രസവിച്ച പോലെ അകിട് നിറഞ്ഞ പെൺ കൊള്ളുവരിയന്മാർ കാണുന്നോ അവിടെ അന്വേഷിച്ചു പോകുകയും ഏകദേശം ഒരു മാസം പ്രായമായാൽ അമ്മപ്പട്ടി ഇല്ലാത്ത സമയം നോക്കി കുഞ്ഞിനെ എടുത്തുമാറ്റി ഫോസ്റ്റർ ചെയ്യുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് നല്ല ബ്രീഡർമാരുടെ പക്കൽ വിൽപ്പനയ്ക്ക് വച്ച ലാബ്രഡോർ, റോട്ട് വീലർ, ഡോബർമാൻ കുഞ്ഞുങ്ങളെപ്പോലെ തടിച്ചു കൊഴുത്ത് ആരെങ്കിലും എടുക്കാൻ ചെന്നാൽ ഓടി വന്ന് മടിയിൽ കയറുന്ന കുഞ്ഞുങ്ങളല്ല കൊള്ളുവരിയൻ . പൊന്തക്കാടുകളിലും, പനയുടെ ചുവട്ടിലും, മണ്ണ് മാന്തി ഉണ്ടാക്കിയ ചെറു ഗുഹകളിലും ആണ് കൊള്ളുവരിയന്മാർ ഉണ്ടാവുക. വേണ്ടത്ര ആഹാരവും, മറ്റ് പരിചരണവും ഇല്ലാതെ മെലിഞ്ഞു എല്ലുന്തി ആരെങ്കിലും അടുത്തുപോയാൽ മാളത്തിനകത്തേയ്ക്കും, കുറ്റിക്കാടിനകത്തേയ്ക്കും ഓടി മറയുന്ന ഒരു സെമി വൈൽഡ് ആണ് കൊള്ളുവരിയൻ. പിന്തുടർന്ന് ചെന്നാൽ തിരിഞ്ഞു നിന്ന് നമ്മെ ആക്രമിക്കാനും വരും. ഇവയെ ഇണക്കിയെടുക്കുക വളരെ ശ്രമകരമാണ്. വീട്ടിൽകൊണ്ടുവന്നിട്ട് പോലും അടുത്തേയ്ക്ക് വരാതെ എടുക്കാൻ പോകുന്നവരെ കുരച്ചു കൊണ്ട് ആക്രമിക്കുന്ന ഒരു ഇനമാണ് ഇത്.
അങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിൽ ജനിച്ചു അലഞ്ഞു തിരിഞ്ഞു യോഗവും, ഭാഗ്യവുമുണ്ടെങ്കിൽ വളരാനും അല്ലെങ്കിൽ വളർച്ചയെത്തും മുമ്പേ നായപ്പോരുകളിൽ ജീവൻ വെടിയാനുമാണ് കൊള്ളുവരയന് നായ്ക്കളുടെ വിധി. കാണുമ്പോൾ ഓമനത്തം ഇല്ലാത്തതും, ഒരു ഭീഭത്സരൂപവും ഇവയെ പൊതുവെ സാധാരണ നായപ്രേമികളിൽ നിന്നും അകറ്റി നിർത്തുന്നു. നായ്ക്കളിൽ ചണ്ഡാളനാണ് അഘോരിയെപ്പോലെ ജീവിക്കുന്ന കൊള്ളുവരയൻ.
കൊള്ളുവരയൻറെ വർഗ്ഗശുദ്ധി എങ്ങനെ ഉറപ്പു വരുത്താം?
ഏതാണ്ട് ഗൾഫ് പണത്തിൻറെ ഒഴുക്കോടെയും, അന്യദേശങ്ങളിലേയ്ക്ക് തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി പോകാൻ തുടങ്ങിയതിന് ശേഷവുമാണ് മലയാളികൾക്ക് ചില ആഢംബരമോഹങ്ങൾ തുടങ്ങിയത്. അണുകുടുംബമാണെങ്കിലും ആറ് ബെഡ്റൂമുള്ള കൊട്ടാരം പോലുള്ളൊരു വീട്, ഉപയോഗിക്കാറില്ലെങ്കിലും വീട്ടിലൊരു ആഢംബര കാർ, അതുപോലെതന്നെ സിനിമകളിൽ കാണുംപോലെയൊരു വിദേശയിനം നായ. അവസാനത്തെ ആഢംബരം പലപ്പോഴും ആദ്യത്തെ ഒരു വർഷം കഴിഞ്ഞാലോ, നായയ്‌ക്കൊരു അസുഖം വന്നാലോ മിക്കവാറും തീർന്നുപോകും, പിന്നീട് എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാക്കാനായിരിക്കും താല്പര്യം, അങ്ങനെയാണ് കേരളത്തിലെ മധ്യവർഗ്ഗസമ്പന്നന്മാർ താമസിക്കുന്ന മേഖലകളിൽ വിദേശയിനം നായ്ക്കൾ തെരുവുപട്ടികളെപ്പോലെ അലയാൻ തുടങ്ങിയത്.
വീടുകളിൽ വളർത്തുന്ന വിദേശയിനം നായ്ക്കൾ ഇണചേരുന്നതിനായി മതിൽ ചാടിക്കടന്ന് പുറത്തുപോയി നാടൻ പട്ടികളുമായി ഇണ ചേരാൻ തുടങ്ങിയതോടെ നാടൻ നായ്ക്കളുടെ വർഗ്ഗശുദ്ധി അപകടത്തിലായി. അങ്ങനെയാണ് നാടൻ പട്ടികൾ പ്രസവിക്കുന്ന കുട്ടികൾ ലാബ്രഡോർ റിട്രീവറിനെപ്പോലെയും, പോമറേനിയനെപ്പോലെയും, ജർമൻ ഷെപ്പേർഡിനെപ്പോലെയും, ഡോബർമാനെപ്പോലെയും ആയിത്തീരാൻ തുടങ്ങിയത്. അങ്ങനെ നാടൻ നായ്ക്കൾക്ക് വർഗ്ഗസങ്കരണം സംഭവിച്ചു വർഗ്ഗശുദ്ധി നഷ്ടപ്പെട്ടു. എന്നാൽ ഇവിടെയാണ് കൊള്ളുവരയന്മാരുടെ പ്രസക്തി. കൊള്ളുവരയൻ പാലക്കാടിൻറെ മലയോരപ്രദേശങ്ങളിൽ കാണപ്പെടുന്ന വേട്ടനായ്ക്കളാണ്. ഈ ഗ്രാമങ്ങളിൽ വിദേശ ജനുസ്സുകളുടെ സാന്നിധ്യം കുറവാണ് എന്നല്ല ഇല്ല എന്ന് തന്നെ പറയാം. അതുപോലെ മറ്റു നായ്ക്കളുമായി ഒരു അകലം സൂക്ഷിക്കുന്ന ഇനമാണ് കൊള്ളുവരയൻ . യാതൊരു ബന്ധനവും ഇഷ്ടപ്പെടാതെ "ആൾക്കൂട്ടത്തിൽ തനിയെ" എന്ന മനോഭാവമുള്ള കൊള്ളുവരയൻ വർഗ്ഗസങ്കരത്തിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്ന ഒരു ബ്രീഡ് ആണ്. നാടൻ നായ്ക്കളുമായി മാത്രമേ ഇവ ഇണ ചേരാറുള്ളൂ, അതുകൊണ്ട് തന്നെ നമ്മുടെ നാടിന്റെ ഗുണങ്ങൾ ഇവയിൽ ഇപ്പോഴും പ്രകടമാണ്. പ്രത്യേകിച്ചും രോഗപ്രതിരോധശക്തി, അതുകൊണ്ട് കൊള്ളുവരയൻറെ വർഗ്ഗശുദ്ധിയിൽ സംശയം വളരെ കുറവാണ്. ഇതര ജില്ലകളിലും കൊള്ളുവരയന്മാരെ കാണുന്നുണ്ട് എന്ന് ഒരുപാട് പേര് പറയാറുണ്ട്. ആ പ്രദേശങ്ങളിൽ ഈ ഇനത്തിന് കൊള്ളുവരയൻ അല്ലെങ്കിൽ വേറൊരു പ്രാദേശിക പേര് പറയുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കൊള്ളുവരയൻ എന്ന് പാലക്കാടിൽ മാത്രം അറിയപ്പെടുന്നത്. കേരളത്തിലാണെങ്കിലും പാലക്കാടിന് തനതായ ചില സവിശേഷതകളുണ്ട്. പാലക്കാടൻ ചൂട്, പാലക്കാടൻ കാറ്റ് പാലക്കാടൻ കൃഷികൾ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ പാലക്കാട് മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. മുൻകാലങ്ങളിൽ പാലക്കാട് നിന്നും ആട്ടിൻകൂട്ടങ്ങളുമായി മറ്റ് ജില്ലകളിലേക്ക് പോയ ആട്ടിടയന്മാരോടൊപ്പം ഇവയും മറ്റ് ജില്ലകളിൽ എത്തി ആ സ്ഥലങ്ങളിലെ നാടൻ നായ്ക്കളുമായി ഇണ ചേർന്ന് മറ്റ് ജില്ലകളിലും ഈ ഇനം നായ്ക്കൾ വർദ്ധിച്ചതാകാം. കൊള്ളുവരയന്മാരെക്കുറിച്ച് വിവരങ്ങൾ പങ്കുവെയ്ക്കാൻ ഇവയുടെ പേര് മറ്റ് സ്വഭാവ വൈശിഷ്ട്യങ്ങൾ എന്നിവയെക്കുറിച്ച് പറയാൻ പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശക്കാർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.
മറ്റ് ജില്ലകളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാതിരിക്കാൻ കാരണം ആ നാട്ടുകാർക്ക് ഈ ഇനം നായ്ക്കൾ വെറും സാധാരണ നായ്ക്കൾ മാത്രമാണ്, അതുപോലെ തനതായ നാടൻ ഇനങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇതിനൊരു കാരണമാണ്.
തനതായ കൊള്ളുവരയൻ രൂപത്തിലും ഭാവത്തിലും വരയൻ പുലിയോട് സാദൃശ്യം ഉള്ളവയാണ്. കടുംതവിട്ടു നിറമുള്ള ശരീരത്തിലെ കാണാനഴകില്ലാത്ത കറുത്ത വരകളാണ് ഇവയുടെ പ്രാഥമിക ലക്ഷണം. ഇത് തന്നെയാണ് പൊതുവെ കുടുംബങ്ങളിൽ ഇവയെ വളർത്താത്തതിന് കാരണം. പകുതിയൊടിഞ്ഞ ചെവികൾ, സൗഹൃദമല്ലാത്ത ഭാവം, തടിച്ചു കൊഴുത്ത ബലിഷ്‌ഠമായ ശരീരം, തൻറെ ഇരട്ടിയോളം പോന്ന കാട്ടുപന്നിയെ പിന്തുടർന്ന് ചാടിവീണ് ആക്രമിച്ചു കൊല്ലാൻ മാത്രം ശക്തമായ പേശീബലമുള്ള, ബലിഷ്ഠമായ മുൻകാലുകളും , പിൻകാലുകളും മൂർച്ചയുള്ള നഖങ്ങളും, ഈ ശരീരത്തോട് ഒട്ടും യോജിക്കാത്ത മെലിഞ്ഞ ഭംഗിയില്ലാത്ത നീളംകുറഞ്ഞ വാൽ, ക്രൗര്യം നിറഞ്ഞ ചുവന്ന ചോരക്കണ്ണുകൾ, മറ്റ് നായ്ക്കളെയും, ആടുകളെയും, പന്നികളെയും ആക്രമിക്കുന്ന സമയത്ത് പുലികളെപ്പോലെ കഴുത്തിന് താഴെ കൃത്യമായി ഒരൊറ്റ കടിയിൽ തന്നെ ഇരയുടെ കഴുത്തിൽ പല്ലുകളാഴ്ത്തി കടിച്ചുകുടയുന്ന സ്വഭാവം. ആക്രമണത്തിൻറെ ആദ്യ രംഗങ്ങളിൽ തന്നെ കൃത്യമായി ഇരയെ ഞരമ്പിൽ കടിച്ചു കുടഞ്ഞു മരണത്തിലേയ്ക്ക് തള്ളിവിടാൻ അസാമാന്യ വൈദഗ്ദ്യം, രക്ഷപ്പെട്ടാലും അധികകാലം ജീവിക്കാറില്ല ഇരകൾ. ഈ ആക്രമണോൽസുകതയാണ് കൊള്ളുവരയന്മാരുടെ സവിശേഷത. അതുകൊണ്ടു തന്നെ മലയോരത്ത് കൃഷിസ്ഥലങ്ങളോടൊപ്പം ഒറ്റതിരിഞ്ഞു ജീവിക്കുന്ന കൃഷിക്കാരുടെ കാവൽ മാടങ്ങളിൽ, ആട്ടിൻപറ്റങ്ങളോടൊപ്പമൊക്കെ ഇവയെ വളർത്തുന്നത്. ഇവ ഒരിക്കലും വീടുകളിൽ അല്ലെങ്കിൽ കുടുംബങ്ങളിൽ ഓമനമൃഗം ആയി വളർത്താറില്ല.
#കൊള്ളുവരയന്മാരെ പരിശീലിപ്പിക്കുന്ന വിധം
കൊള്ളുവരയന്മാർ പ്രകൃത്യാ വേട്ടക്കാർ ആയത് കൊണ്ട് അവയെ ആ രീതിയിൽ തന്നെ പരിശീലിപ്പിക്കണം. അല്ലാതെ വീട്ടിൽ വരുന്ന അതിഥികൾക്ക്‌ മുന്നിൽ ഷേക്ക് ഹാൻഡ് കൊടുപ്പിക്കുന്ന വിധത്തിൽ പരിശീലിപ്പിക്കരുത്.
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് നിത്യേന പാലക്കാട് നഗരത്തിൻറെ അതിർത്തിയായ യാക്കരപ്പുഴയിൽ കുളിക്കാൻ പോകുമായിരുന്നു. യാക്കരപ്പുഴയ്ക്ക് "കണ്ണാടിപ്പുഴ" എന്നും പേരുണ്ട്. കലങ്ങലില്ലാതെ നല്ല സ്പടികം പോലത്തെ വെള്ളം, അതായിരിക്കാം കണ്ണാടിപ്പുഴ എന്ന പേര് വരാൻ കാരണം. അന്ന് കണ്ണാടിപ്പുഴ പുഴ സ്വച്ഛന്ദമായി ഒഴുകിയിരുന്ന കാലമാണ്. ആവശ്യത്തിന് ഒഴുക്കും, അപകടമില്ലാത്ത വിധത്തിൽ നീന്താനും, കുളിക്കാനും കഴിയുമായിരുന്നു ആ സമയത്ത്. പുഴയിലേക്ക് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുണ്ട്. ഈ ഒരു കിലോമീറ്റർ റയിൽവേ ട്രാക്കിലൂടെയും, പാടത്തുകൂടെയും ആണ് പോകേണ്ടിയിരുന്നത്. റയിൽവേ ട്രാക്കിനു ഇരു വശവും മുൾച്ചെടികളും, കൊടുക്കാപ്പുളി - ഇലന്തിമരങ്ങളുമാണ്. ഈ മരങ്ങളിൽ ആണെങ്കിൽ ഒരുപാട് ഓന്തുകൾ പറ്റിപ്പിടിച്ചു നിൽക്കും. അങ്ങനെ രാവിലെ 6 മണിക്ക് തുടങ്ങുന്ന പുഴയിലേക്കുള്ള യാത്രയിൽ മുള്ള് നിറഞ്ഞ കൊടുക്കാപ്പുളി മരങ്ങളിലും ഇലന്തിമരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഓന്തുകളെ ഞങ്ങൾ എറിഞ്ഞു വീഴ്ത്തും, ഓന്ത് വീണതും നായ്ക്കൾ ചാടിവീണ് അവയെ കടിച്ചു കീറും, അങ്ങനെ അത്ര പെട്ടെന്നൊന്നും ഓന്തിനെ കിട്ടില്ല, ഓന്ത് ജീവനും കൊണ്ടോടും, പിന്നാലെ നായ് ഓടും അവസാനം എവിടെപ്പോയൊളിച്ചാലും നായ് ഓന്തിനെ പിടിച്ചേ തിരിച്ചു വരികയുള്ളൂ. ആദ്യമാദ്യം ഒരു വൈക്ലബ്യം കാണിക്കുമായിരുന്ന നായ ഒരു ഓന്തിനെ കൊന്ന് അതിൻറെ രക്തം മൂക്കിൽ തേച്ചു കൊടുത്ത ശേഷം ദൂരേയ്ക്ക് വലിച്ചറിഞ്ഞാൽ ഒരു പ്രത്യേക ആവേശത്തോടെ പാഞ്ഞുപോയി കടിച്ചു തിരികെ കൊണ്ട് വരുമായിരുന്നു. അതുപോലെ കൈതപ്പൊന്തകളിൽ ഒളിഞ്ഞിരിക്കുന്ന കീരി, വെരുക്, കാട്ടുമുയൽ, കുളക്കോഴി, കൊറ്റി എല്ലാത്തിനെയും പിന്തുടർന്ന് പിടിക്കാൻ നിത്യേന നല്ല പരിശീലനം കൊടുക്കും. ആദ്യത്തെ ഒരാഴ്ചയൊന്നും കാര്യമായി വിജയിക്കില്ല. വെറുതെ ഓടിപ്പോയി കുറച്ചു കഴിഞ്ഞുതിരിച്ചു വരും, അപ്പോഴാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. നായ്ക്കളുടെ ആഹാരം കുറച്ചു നിയന്ത്രിച്ചാൽ നായ്ക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിന്റെ സ്വത്വമായ വന്യത പുറത്തു വരും. അതിന് പകൽ 11 മണിക്ക് ആഹാരം കൊടുത്ത ശേഷം അടുത്ത ദിവസം രാവിലെ ഇതുപോലെ പരിശീലനത്തിനു കൊണ്ടുപോയ സമയത്ത് നായ്ക്കളുടെ വീറും, വാശിയും കൂടുതലായി കാണപ്പെട്ടു. അതിന് കാരണം ഒന്നാമതായി അതിൻറെ വിശപ്പ്, രണ്ടാമതായി വിശപ്പ് കൂടിയപ്പോൾ അതിന് നിലനിൽക്കണമെങ്കിൽ ആഹാരം കിട്ടിയേ കഴിയൂ എന്ന നില വന്നു.അത് നായ്ക്കളുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന വന്യത ഉണർത്തി. അതോടൊപ്പം ഇരയെ ആക്രമിച്ചു കൊന്ന് ആഹാരമാക്കാനുള്ള ത്വര അതിന് കൂടിവന്നു. അങ്ങനെ ഉടുമ്പ്, വെരുക് എന്നിവയെ പിടിച്ചു കടിച്ചു കുടയാനും പച്ചമാംസത്തിന്റെ രുചി അറിയാനും അതിന് സാധിച്ചു. പിന്നീട് വീട്ടിൽ നല്ല നാടൻ കോഴിക്കറി വയ്ക്കുമ്പോൾ കോഴിയുടെ മാംസം കഴുകിയ ചോര കലർന്ന വെള്ളം കുടിക്കാൻ കൊടുക്കുക, മാംസം വേവിച്ച വെള്ളം തണുക്കുമ്പോൾ കുടിക്കാൻ കൊടുക്കുക എന്നിങ്ങനെയുള്ള രണ്ടാം ഘട്ടം പരിശീലനം തുടങ്ങി. കൊള്ളുവരിയനെ ഒരു വന്യമൃഗത്തെ ഇണക്കി വളർത്തുന്ന രീതിയിൽ ആണ് ഞങ്ങൾ പരിശീലിപ്പിച്ചത്.ഏകദേശം 6 മാസം കൊണ്ട് കൊള്ളുവരിയനെ ഒരു നല്ല വേട്ടപ്പട്ടി ആക്കിമാറ്റാം.
ഇവയുടെ പ്രഭാവക്കാലത്ത് അലസമായി അലഞ്ഞുനടന്നിരുന്നവരാണ് കൊള്ളു വരയന്മാർ, പക്ഷെ കാലക്രമേണ അവയുടെ സ്വഭാവത്തിന് മാറ്റം വന്നു, ശരിയായ പരിപാലനമില്ലാത്തത് കാരണം അവയുടെ ജനിതകഗുണങ്ങൾ കുറഞ്ഞു വന്നു, പക്ഷെ അത് നശിക്കാതെ അവയുടെ ഉള്ളിൽ സുഷുപ്താവസ്ഥയിൽ തന്നെയുണ്ട്. നല്ല താല്പര്യമുള്ളവർക്ക് വീണ്ടും നല്ല പരിശീലനം കൊടുത്ത് അവയുടെ ഉള്ളിലെ ജനിതക ഗുണങ്ങൾ വീണ്ടും ഉണർത്തിയെടുക്കാം. ആദ്യം ദിവസം രണ്ടു നേരം അതായത് രാവിലെ 10 മണിക്കും രാത്രി 10 മണിക്കും ആഹാരം കൊടുക്കാം. ഇവരുടെ വളർച്ചയുടെ സമയമായി ആദ്യത്തെ 10 മാസം മുതൽ 12 മാസം വരെ ഇങ്ങനെ വളർച്ചയെ സ്വാധീനിക്കുന്ന നല്ല ആഹാരം കൊടുത്ത് ശീലിപ്പിക്കണം. നല്ല ആഹാരം അതുപോലെ നല്ല അധ്വാനം അതായത് നിത്യേന രാവിലെയും, വൈകുന്നേരവും ഒരു മണിക്കൂർ ഓടാനും, പിന്തുടരാനും,മണം പിടിക്കാനും ഉള്ള കഠിനമായ പരിശീലനം കൊടുക്കണം.ഏകദേശം 10 മാസത്തിനുള്ളിൽ നല്ല കരുത്തുറ്റ പേശികളോട് കൂടിയ ക്രൗര്യമുള്ള ഒരു ഇനമായി മാറും. പിന്നീട് ആഹാരം ഒരു നേരമാക്കി കുറയ്ക്കണം. പക്ഷെ വ്യായാമം, പരിശീലനം എന്നിവയിൽ ഒരു കുറവും വരുത്തരുത്. അങ്ങനെ കുറഞ്ഞ ആഹാരത്തിൽ നല്ല കായികക്ഷമത എന്ന കൊള്ളുവരയന്റെ പ്രധാന ജനിതകഗുണം നമുക്ക് ലഭ്യമാക്കാം. ഒരു വർഷത്തോളം പകൽ കെട്ടിയിട്ട് നിർത്തിയശേഷം രാത്രി മാത്രം തുറന്നു വിടുക. എന്നിട്ട് ഒരു വർഷം കഴിഞ്ഞാൽ വലിയ വേലിക്കെട്ടുള്ള പറമ്പുകളിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കാം. ആവശ്യമെങ്കിൽ മാത്രം ബെൽറ്റ് അണിയിക്കുക. സ്വാതന്ത്രമാക്കുന്ന സമയത്ത് ബെൽറ്റും അഴിച്ചു മാറ്റുക. പെണ്ണിന് 16 മാസവും, ആണിന് 18 മാസവും പ്രായം ആകുന്നതിന് മുമ്പ് ഒരു കാരണവശാലും ഇണ ചേർക്കരുത്. അതുപോലെ മറ്റ് ഇനങ്ങളുമായി ഇണ ചേരാൻ അനുവദിക്കരുത്.
ആഹാരത്തിൽ നിത്യം ഇറച്ചി ഉൾപ്പെടുത്തണം, ആദ്യത്തെ ആറു മാസം നല്ല മാംസം ചെറുതായി അരിഞ്ഞ ശേഷം നല്ലപോലെ വേവിച്ചു കൊടുക്കാം, പിന്നീട് പാതി വെന്ത ഇറച്ചി, പച്ച ഇറച്ചി എന്നിവ കൊടുത്ത് പരിശീലിപ്പിക്കാം . കുടിക്കാൻ മാംസം കഴുകിയ വെള്ളം, മാംസം വേവിച്ച ശേഷം ബാക്കിയുള്ള വെള്ളം എന്നിവ കൊടുക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും വേദനിപ്പിക്കരുത്. ചൂരൽ കൊണ്ടോ, ചാട്ട കൊണ്ടോ, ബെൽറ്റ് കൊണ്ടോ അടിക്കരുത്, അടിക്കുന്ന പോലെ ആംഗ്യം പോലും കാണിക്കരുത്. സ്നേഹത്തിലൂടെ മാത്രം പരിശീലിപ്പിക്കുക, നമ്മുടെ ആജ്ഞകൾ അനുസരിക്കുമ്പോൾ അവന് കോമ്പ്ലിമെന്റുകൾ കൊടുക്കുക, പ്രോത്സാഹിപ്പിക്കുക, തടവിക്കൊടുക്കുക. സ്നേഹിച്ചാൽ "ജീവൻ തരാനും" അതുപോലെ ദ്രോഹിച്ചാൽ "ജീവനെടുക്കാനും" മടിക്കാത്ത ഒരു തനത് ഇനത്തിൽപ്പെട്ട നായയോട് ആണ് ഇടപഴകുന്നത് എന്ന ബോധം എല്ലായ്‌പ്പോഴും വേണം. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് കൃത്യമായി എടുക്കുക. അതുപോലെ സ്ഥിരമായ വിരയിളക്കൽ (മരുന്നില്ലാതെ പുല്ല് തിന്നുകൊണ്ടുള്ളത്) മുറിവുകൾ പറ്റിയാൽ ചെറിയ മുറിവുകൾ ആണെങ്കിൽ സ്വയം നക്കി ഉണക്കാൻ അനുവദിക്കുക.
കൊള്ളുവരയനെ പരിപാലിക്കുന്നതും വരയൻ പുലിയെ ഇണക്കി വളർത്തുന്നതും തമ്മിൽ വലിയ വിത്യാസമില്ല. നമ്മളുമായി നല്ലപോലെ ഇണങ്ങിക്കഴിഞ്ഞാൽ തമാശയ്ക്ക് പോലും നമ്മുടെ സുഹൃത്തുക്കൾ നമ്മെ തള്ളുകയോ, ചീത്ത വിളിക്കുകയോ ചെയ്താൽ കൊല്ലുവാരിയൻ അക്രമാസക്തനാകാൻ സാധ്യതയുണ്ട്, അതുകൊണ്ട് കൊള്ളുവരയനു മുന്നിൽ അത്തരം രംഗങ്ങൾ കാണിക്കാതിരിക്കുക.
കടപ്പാട്........
https://kolluvarayandogs.blogspot.com/?m=1
എന്ന ബ്ലോഗിൽ 2019 ൽ പേരറിയാത്ത ഏതോ ഒരു സുഹൃത്ത് (Dog Lover💓) പങ്കുവെച്ചത്.
നിങ്ങൾക്ക് പരിചയമുള്ള ആളാണെങ്കിൽ ഇൗ പോസ്റ്റിൽ മെൻഷൻ ചെയ്യുക.
കൊള്ളുവരയന്റെ വംശത്തെ സംരക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.

2019 ഏപ്രിൽ 24, ബുധനാഴ്‌ച


Note: ദയവായി ഈ ഡോക്യുമെന്റ് നേരിട്ട് എഡിറ്റ്‌ ചെയ്യരുത്. മാറ്റങ്ങള്‍ വരുത്താനുണ്ടെങ്കില്‍ ഡോക്യുമെന്റ് ഓണറേ നേരിട്ട് കോണ്ടക്റ്റ് ചെയ്യുകയോ ഇവിടെ കമന്റ്‌ ആയി മാറ്റങ്ങള്‍ സജസ്റ്റ് ചെയ്യുകയോ ചെയ്യുക.

Document Owners: Farmis Hashim, Mathews Kottayam

1. എന്തു കൊണ്ടാണു ജീവികളിൽ പരിണാമം സംഭവിക്കുന്നത്? എന്താണതിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ?

മ്യൂട്ടേഷനും, നാച്ചുറൽ സെലക്ഷനും (പ്രകൃതി നിർധാരണം) ആണു പരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ.

ഒരു ജീവിക്ക് -ഏതു ജീവിയുമാവാം-സന്തതിപരമ്പരകൾ  ഉണ്ടാകുമ്പോൾ  അതിന്റെ ജനിതക കോഡിംഗിൽ ചില  വ്യതിയാനങ്ങൾ  സംഭവിക്കാനിടയുണ്ട്. ഈ വ്യതിയാനം എന്നു  പറയുന്നത്  ജീനുകളിൽ  സംഭവിക്കുന്ന  അക്ഷരത്തെറ്റുകളാണ്‌ മ്യൂട്ടേഷൻസ്. അങ്ങനെ  മ്യൂട്ടേഷൻ  സംഭവിച്ചാൽ  നിലവിൽ  ആ ജീൻ കോഡ് ചെയ്തിരുന്ന  പ്രോട്ടീനുപകരം  വേറൊരു  പ്രോട്ടീനായിരിക്കും ഉല്പാദിപ്പിക്കുക. ഈ
മാറ്റങ്ങളോടെ  ജനിക്കുന്ന  ജീവി ആ പരിസ്ഥിതിക്ക് അനുകൂലമാണെങ്കിൽ  മാത്രമേ അതിജീവിക്കൂ.  പരിസ്ഥിതിക്ക്  യോജിച്ചതാണെങ്കിൽ അതിനനുകൂലമായി  പ്രകൃതി നിർധാരണം നടക്കും.  അല്ലാത്തപക്ഷം ആ ജീവി തെറ്റായ  മ്യൂട്ടേഷൻ  മൂലം  നശിച്ചുപോകും. അങ്ങനെ  ഇത്തരം കൊച്ചു കൊച്ചു മാറ്റങ്ങൾ  അനേകായിരം തലമുറകളിലൂടെ, ലക്ഷക്കണക്കിനു വർഷങ്ങളെടുത്ത്  കടന്നുപോകുമ്പൊൾ സഞ്ചിതമാകുന്ന വേരിയേഷനുകൾ ആണു സ്പീഷീസുകളിൽ നിന്നും സ്പീഷീസുകളിലേക്ക് ജീവികളെ പരിണമിപ്പിക്കുന്നത് . ഇവിടെ   ഒരു  കാര്യം പ്രത്യേകം ഓർമ്മിക്കണം. പരിണാമം എന്നത് നേരെമുകളിലേക്ക്  കയറിപ്പോകുന്ന കോണിപ്പടിയല്ല. അത് ശാഖോപശാഖകളായി  പിരിയുകയാണ്‌. അതിൽ എല്ലാ ശാഖകളും പരിസ്ഥിതിക്ക് അനുകൂലമാവുകയില്ല. വളരെ കുറച്ചു മാത്രമേ പരിസ്ഥിതിയോട് ഒത്തിണങ്ങിപ്പോകൂ. അവയ്ക്ക്  അനുകൂലമായ പ്രകൃതി നിർധാരണം(Natural Selection) നടക്കും.  അല്ലാത്ത  ശാഖകളെല്ലാം പൂർണ്ണമായും നശിച്ചുപോകും.മനുഷ്യന്റെ പരിണാമം തന്നെയാണിതിനു ഏറ്റവും നല്ല ഉദാഹരണം.

2. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതെങ്കിൽ ഇന്നത്തെ കുരങ്ങുകൾ എന്ത് കൊണ്ട് പരിണമിക്കുന്നില്ല?

ആദ്യമായി മനുഷ്യൻ 'കുരങ്ങിൽ' നിന്ന് പരിണമിച്ചതാണെന്ന് പരിണാമസിദ്ധാന്തം
പറയുന്നില്ല. മനുഷ്യൻ (ഹോമോ സാപിയൻസ്) എന്നതു പോലെ ഒരു സ്പീഷീസ് ആയി നിർവചിക്കാവുന്ന ഒന്നല്ല കുരങ്ങ് എന്ന - ചിമ്പാൻസിയേയും, ഗോറില്ലയേയും, ഒറാൻ ഉട്ടാങ്ങിനേയും പോലെയുള്ള ആൾക്കുരങ്ങുകളേയും, ഓൾഡ് / ന്യൂ വേൾഡ് മങ്കികളേയും നാം പൊതുവായി അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന - പദം. 

എന്ത്തന്നെയായാലും, മനുഷ്യൻ മുകളിൽ പറഞ്ഞ ഒരു 'കുരങ്ങിൽ' നിന്നും
പരിണമിച്ചുണ്ടായതല്ല. പരിണാമസിദ്ധാന്തം പറയുന്നത് ഈ കുരങ്ങുകൾക്കും,
മനുഷ്യൻ എന്ന ape നും പരിണാമചക്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ആയി പൊതു പൂർവികർ ഉണ്ടായിരുന്നു എന്നതാണു. ഇത് മനസ്സിലാക്കാൻ മനുഷ്യൻ ഉൾപ്പെടുന്ന 'ഓർഡർ' (order) ആയ പ്രൈമേറ്റുകളുടെ 'പരിണാമ വൃക്ഷം' ഒന്ന് പരിശോധിക്കാം: http://darwiniana.org/trees.htm

ഇതിൽ രണ്ടാമത്തെ ചിത്രം നോക്കുക. പ്രൈമേറ്റുകടെ കൈവഴികൾ ഏതൊക്കെ
കാലഘട്ടത്തിലാണു പിരിഞ്ഞത് എന്ന് ഒരു ഏകദേശ രൂപം കിട്ടും. അതായത്
ചിമ്പാൻസിയും, മനുഷ്യനും അവയുടെ പൊതുപൂർവികനിൽ നിന്ന് വ്യത്യസ്ത ശാഖകൾ ആയി പരിണമിച്ച് തുടങ്ങിയത് ഏകദേശം 70-80 ലക്ഷം (7-8 മില്യൺ) വർഷങ്ങൾക്ക് മുമ്പ് ആണെന്ന് കാണാം. അത് പോലെ മനുഷ്യന്റെയും, ചിമ്പാൻസിയുടേയും, ഗോറില്ലയുടേയും പൊതുപൂർവികൻ ജീവിച്ചിരുന്നത് ഏകദേശം 14 മില്യൺ വർഷങ്ങൾക്ക് മുമ്പായിരുന്നു. ഇങ്ങനെ പരിണാമവൃക്ഷത്തിലൂടെ പുറകോട്ട് പോയാൽ ഓരോ പൊതു പൂർവികനേയും കാണാം. 

മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല; ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ജീവിയിൽ നിന്നും, സമകാലീനരായ മറ്റൊരു ജീവി പരിണമിച്ചുണ്ടാകുക സാധ്യമല്ല. അത് കൊണ്ട് തന്നെ കുരങ്ങിൽ നിന്ന് മനുഷ്യർ ഉണ്ടാകുന്നതോ, ആടിൽ നിന്ന് പശു ഉണ്ടാകുന്നതോ നോക്കിയിരുന്ന് സമയം പാഴാക്കണം എന്നില്ല!

3. ഡാര്‍വിനിസവും ലമാര്‍ക്കിസവും ഒന്ന് തന്നെയോ?

 ആധുനിക പരിണാമസിദ്ധാന്തത്തിനു അടിത്തറ പാകിയ ഡാർവിന്റെ പരിണാമസിദ്ധാന്തം ഉടലെടുക്കുന്നതിനു മുമ്പേ, ജീവികളിൽ തലമുറകളായി സംഭവിക്കുന്ന ഉൽപ്പരിവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അരിസ്റ്റോട്ടിലിന്റെ കാലം മുതൽ അതിനു പല രീതിയിലുള്ള വിശദീകരണങ്ങളും ലഭ്യമാണു. ലാമാർക്കിയൻ സിദ്ധാന്തം പരിണാമത്തെ അനുകൂലിക്കുന്നതാണെങ്കിൽ പോലും, പരിണാമത്തിനു നിദാനമായ അതിന്റെ മെക്കാനിസത്തെ വിശദീകരിക്കുന്നതിൽ പരാജയമായിരുന്നു.  പ്രകൃതിപരമായ തിരഞ്ഞെടുപ്പിനെ (Natural Selection) കുറിച്ചുള്ള ഒരു തെറ്റായ വിവരണം നോക്കൂ:

"ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്
എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട്
മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം
മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു." (ഇവിടെ കോപ്പി പേസ്റ്റ്
ചെയ്തു കാണുന്ന ഇത് ഹാരുന്‍ യാഹ്യ സൈറ്റില്‍ നിന്നാണു.)

ഇത് ഡാര്‍വിന്റെ നാച്ചുറല്‍ സെലക്ഷന്‍ അല്ല. മറിച്ച് ഇത് ഒരു ലമാര്‍ക്കിയന്‍
കാഴ്ചപ്പാടാണ്. ഇങ്ങനെ സംഭവിക്കില്ല എന്നത് പണ്ടേ തെളിഞ്ഞതാണ്. ആധുനിക
കാഴ്ച്ചപ്പാടായ നാച്ചുറല്‍ സെലക്ഷന്‍ ഏതാണ്ട് ഇങ്ങനെ പോകുന്നു:
വന്യമൃഗങ്ങള്‍ പിടിക്കുന്നത്‌ കൊണ്ട് മാൻകൂട്ടങ്ങളിലെ വേഗം കുറഞ്ഞവ ഇല്ലാതാവുന്നു. വേഗം കുറവ് ജനിതകപരമായ കാരണങ്ങള്‍ കൊണ്ടാകുമ്പോള്‍ വേഗത്തിനുള്ള ജീനുകള്‍ ഉള്ള മാനുകള്‍ അതിജീവിക്കുന്നു, പെറ്റുപെരുകുന്നു. ആ ജീനുകള്‍ അങ്ങനെ അടുത്ത തലമുറയില്‍ കൂടുതല്‍ ഉണ്ടാകുന്നു. അടുത്ത തലമുറയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. കാലക്രമത്തില്‍ വേഗത്തിനുള്ള ജീനുകള്‍ ആ മൃഗസമൂഹത്തില്‍ മൊത്തം വ്യാപിക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ശരാശരി മാന്‍
വെഗതയാർജിക്കുന്നു. അതെ സമയം മറ്റൊരു മാന്‍ കൂട്ടം അസാമാന്യ വേഗതയുള്ള,
ഓടിയാല്‍ രക്ഷയില്ലാത്ത ശത്രുവിനെ നേരിടുന്നു എന്ന് കരുതുക. ആ മാനുകളില്‍
ഒളിച്ചു നില്‍ക്കാന്‍ കൂടുതല്‍ കഴിവുള്ളവ രക്ഷപെടും. അതിനു സഹായിക്കുന്ന
നിറങ്ങള്‍ കൊടുക്കുന്ന ജീനുകള്‍ ആവും അവിടെ വ്യാപിക്കുക. ഇങ്ങനെ സാഹചര്യ
സമ്മര്‍ദങ്ങള്‍ വ്യത്യസ്തമായതു കൊണ്ട് തുടക്കത്തില്‍ ഒരേ ജീന്‍ അല്ലീല്‍
ആവൃത്തി ഉള്ള മൃഗ സമൂഹങ്ങള്‍ വ്യത്യസ്ത രീതികളില്‍ മാറ്റപ്പെടുന്നു.
ഇതൊക്കെ ആണ് നാച്ചുറല്‍ സെലക്ഷന്‍.

ഇതില്‍ നിന്ന് മനസിലാവുന്ന ഒരു കാര്യം, ജീവജാലങ്ങള്‍ സ്വന്തം സ്വഭാവത്തെയോ ശരീരത്തെയോ റ്റാന്‍ ശ്രമിച്ചിട്ടല്ല മാറ്റം ഉണ്ടാവുന്നത് എന്നതാണ്. മറ്റൊരു കാര്യം,
ജീവികള്‍ക്ക് ജീവിതകാലത്തുണ്ടാകുന്ന മാറ്റങ്ങള്‍, അതായത് വ്യായാമം മൂലം
പേശീബലം വര്‍ദ്ധിക്കല്‍ പോലുള്ളത്, അടുത്ത തലമുറയിലേയ്ക്ക് കൈമാറാന്‍
പറ്റില്ല എന്ന കണ്ടെത്തലുമായി നാച്ചുറല്‍ സെലക്ഷന് വൈരുധ്യമില്ല എന്നതാണ്.
ലമാര്‍ക്കിയന്‍ സിദ്ധാന്തത്തിന്റെ വേരറുത്തത് ജനിതകശാസ്ത്രത്തിന്റെ ആ
കണ്ടെത്തലാണല്ലോ. (എപിജനട്ടിക്സ് DNA യുടെ പ്രാധാന്യത്തെ
ഇല്ലാതാക്കുന്നില്ല.)

പ്രകൃതിപരമായ തെരഞ്ഞെടുപ്പ് അഥവാ പ്രകൃതി നിർധാരണം എന്നത് ഒരു ബോധപൂർവമായ പ്രവർത്തി അല്ലെന്ന് സാരം.

4. സൂക്ഷ്മപരിണാമമല്ലേ (microevolution) തെളിയിക്കപ്പെട്ടിട്ടുള്ളൂ, ഒരു
സ്പീഷീസ് മറ്റൊന്നാകുന്ന സ്ഥൂലപരിണാമത്തിനു (macroevolution)
തെളിവില്ലല്ലോ?

സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെയുള്ള കൃത്യമായ ഒരു വേര്‍തിരിവിന് ശാസ്ത്രീയ
അടിത്തറയില്ല. ജീവികളുടെ വര്‍ഗ്ഗീകരണത്തില്‍ ശാസ്ത്രജ്ഞര്‍ നേരിടുന്ന
കുഴയ്ക്കുന്ന ഒരു പ്രശ്നമാണ് ഓരോ സ്പീഷീസും എവിടെ തുടങ്ങി എവിടെ അവസാനിച്ചു
എന്നു തീരുമാനിക്കുന്നതിലെ അവ്യക്തതയും ആശയക്കുഴപ്പവും. ഈ അവ്യക്തതയ്ക്ക്
ലൈംഗിക ജീവികളില്‍ കാണുന്ന റിംഗ് സ്പീഷീസ് (ring species) എന്ന പ്രതിഭാസവും
വിവിധ സബ്സ്പീഷീസ്/സ്പീഷീസ് തര്‍ക്കങ്ങളും ഉദാഹരണമാണ്. ലൈംഗികത ഇല്ലാത്ത ലളിത ജീവികളിലാവട്ടെ സ്പീഷീസ് വേര്‍തിരിവ് ഒരു പരിധി വരെ തർക്കവിഷയവും ആണു. എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും ആയ മാറ്റം കൃത്യമായി നിര്‍വചിക്കാന്‍ സാധിച്ചെങ്കില്‍ എല്ലാ സ്പീഷീസ് നിര്‍ദ്ദേശങ്ങളും വ്യക്തതയുള്ളവ
ആയിരുന്നേനെ.

ഇങ്ങനെ അവ്യക്തതയ്ക്ക് കാരണം ലളിതമാണ്. ഏതെങ്കിലും ദിശയിലേയ്ക്ക് സൂക്ഷ്മപരിണാമം കുറേ നടക്കുമ്പോള്‍ ആണ് സ്ഥൂലപരിണാമം ആയി നാം കാണുന്നത്, അല്ലാതെ സ്ഥൂലപരിണാമത്തിനെ സൂക്ഷ്മത്തില്‍ നിന്ന് വേറിട്ട്‌ തിരിച്ചറിയാന്‍ ശാസ്ത്രീയ മാനദണ്ടങ്ങളില്ല.

ഇതിനോടനുബന്ധിച്ച ഒരു തെറ്റിദ്ധാരണ സൂക്ഷ്മ പരിണാമം എന്നാല്‍ വൈവിധ്യങ്ങളുടെ ഉത്പാദനം മാത്രമാണ് (ഉദാ: ഒരു സമൂഹത്തില്‍ത്തന്നെ പല വിധത്തിലുള്ള മനുഷ്യര്‍ ) എന്നാണ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ചില വ്യതിയാനങ്ങള്‍ ഇല്ലാതാവുകയും മറ്റു ചിലവ സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്യുക വഴി സമൂഹത്തിന് ദിശാപരമായ, സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാവുന്നതും സൂക്ഷ്മ
പരിണാമം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നു.

സൂക്ഷ്മമായാലും, സ്ഥൂലമായാലും പരിണാമം നടക്കുന്നത് മ്യൂട്ടേഷനും, നാച്ചുറൽ സെലക്ഷനും കാരണമാണു. സ്പീഷീസ് വൽക്കരണം എന്നതൊക്കെ മോർഫോളജിക്കലും, ജനിതകവും ആയ വ്യത്യാസത്തിന്റെ തോതനുസരിച്ച് നമ്മുടെ സൗകര്യത്തിനു വേണ്ടി ഇടുന്ന ടാക്സോണമിക്കൽ വർഗീകരണം മാത്രമാണു. 

5. പ്രപഞ്ചവും ജീവനും എങ്ങനെ ഉണ്ടായി എന്ന് പരിണാമം വിശദീകരിക്കുമോ?
  
ഇത് രണ്ടും ജീവപരിണാമത്തിന്റെ കീഴില്‍ വരുന്ന കാര്യങ്ങളല്ല. ജീവന്‍
ഉണ്ടായിക്കഴിഞ്ഞ് അവയുടെ വൈവിധ്യവത്കരണവും തുടരുന്ന മാറ്റങ്ങളും ആണ്
പരിണാമത്തിന്റെ വിഷയം. കോസ്മോളജി, അബയോജെനെസിസ് എന്നീ ശാസ്ത്രങ്ങളാണ് യഥാക്രമം പ്രപഞ്ചവും ജീവോല്‍പ്പത്തിയും പഠനവിഷയമാക്കുന്നത്. അതായത്, ജീവൻ എങ്ങനെ ഉണ്ടായി എന്ന് പരിണാമസിദ്ധാന്തം വിശദീകരിക്കുന്നില്ല എന്നത് ആപ്പിൾ എങ്ങനെ ഉണ്ടായി എന്ന് ഗുരുത്വാകർഷണ സിദ്ധാന്തം വിശദീകരിക്കുന്നില്ല എന്ന് പറയുന്നതിനു സമമാണു! 

6. ജനിതകശാസ്ത്രം പരിണാമത്തിന് എതിരാണോ?
  
ഇത് മറ്റൊരു തെറ്റിദ്ധാരണ ആണു. സത്യത്തിൽ ആധുനിക ജനിതകശാസ്ത്രത്തിന്റെ
വളർച്ചയോടെയാണു പരിണാമം എന്നത് തന്മാത്രാതലത്തിൽ സംഭവിക്കുന്ന
ഒന്നാണെന്നും, പരിണാമത്തിന്റെ സൂക്ഷ്മതലത്തിലുള്ള വിശദീകരണങ്ങൾ ഒക്കെയും
നമുക്ക് ലഭ്യമായത്. ജനിതക ശാസ്ത്രം ഇല്ലായിരുന്നെങ്കിൽ ജെനോം കോഡിംഗ് ഒക്കെ വഴി ജീവികൾ തമ്മിലുള്ള പരസ്പരബന്ധം ഒക്കെ നമുക്ക് കൃത്യമായി നിർണയിക്കാൻ കഴിയാതെ വരുമായിരുന്നു. 

ജീവശാസ്ത്രത്തിൽ ഒരു ശാസ്ത്രശാഖയും പരിണാമസിദ്ധാന്തത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായിട്ടില്ല. മറിച്ച്, പരിണാമസിദ്ധാന്തത്തിന്റെ ബലത്തിലാണു ഇന്നു സ്കൂൾ തലം മുതൽ നാം പഠിക്കുന്ന എല്ലാ ജീവശാസ്ത്രശാഖകളും നിലനിൽക്കുന്നത് പോലും. 

 7. പരിണാമം ഒരു നിരീശ്വരവാദ ഗൂഡാലോചന ആണോ? 

 പരിണാമസിദ്ധാന്തവും, അതിനോടനുബന്ധിച്ച മേഖലകളും എല്ലാം തന്നെ മറ്റേതൊരു ശാസ്ത്രശാഖയേയും പോലെ ശാസ്ത്രത്തിന്റെ സ്വാഭാവിക വളർച്ചയിൽ സംഭവിച്ച സിദ്ധാന്തങ്ങൾ മാത്രമാണു. അതൊരു ലോബിയുടേയും സൃഷ്ടിയല്ല. സെമിറ്റിക് വിശ്വാസികൾ അടക്കമുള്ള ഒരു വിഭാഗം സൃഷ്ടിവാദികൾ മാത്രമാണു പരിണാമസിദ്ധാന്തത്തെ എതിർക്കുന്നത്. അതിനു കാരണം അവരുടെ മതഗ്രന്ഥങ്ങളിലെ സൃഷ്ടിപ്പ് കഥയെ അത് കടപുഴക്കി എറിയുന്നു
എന്നത് മാത്രമാണു. അങ്ങനെ സൃഷ്ടി സങ്കൽപ്പങ്ങളെ കടപുഴക്കി എറിയുന്ന തിയറികൾ ഒരുപാടുണ്ട്. ജിയോസെൻട്രിക് സങ്കൽപ്പങ്ങളെ തകർത്ത കോപ്പർനിക്കസ് മുതൽ ന്യൂട്ടന്റെയും, ഐൻസ്റ്റീന്റെയും, പ്ലാങ്കിന്റെയും തുടങ്ങി ഒട്ടു മിക്ക ശാസ്ത്ര സിദ്ധാന്തങ്ങളും 'മതശാസ്ത്ര'ത്തിന്റെ കടയ്ക്കൽ കത്തി
വെക്കുന്നതാണു. മനുഷ്യകേന്ദ്രീകൃതമായ മത സിദ്ധാന്തങ്ങൾ മനുഷ്യന്റെ
ഉൽപ്പത്തി സങ്കൽപ്പത്തെ തകർക്കുന്ന ഒരു തിയറി കാണുമ്പോൾ
കടന്നാക്രമിക്കുന്നത് സ്വാഭാവികം മാത്രം.  

അമേരിക്കയിലെ വിവിധ മേഖലകളിലെ 97% ശാസ്ത്രജ്ഞരും പരിണാമത്തെ അംഗീകരിക്കുന്നു എന്നും നാച്ചുറല്‍ സെലക്ഷന്‍ പോലുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങളിലൂടെ ആണ് അത് സംഭവിക്കുന്നത്‌ എന്ന് 87% ശാസ്ത്രജ്ഞരും കരുതുന്നതായും സര്‍വേകള്‍[1] സൂചിപ്പിക്കുന്നു. ഇവരെല്ലാം നിരീശ്വരവാദികളോ നിരീശ്വരവാദികളാല്‍ പറ്റിക്കപ്പെട്ടവരോ അല്ലല്ലോ. കത്തോലിക്കരുടെ പഴയ പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പരിണാമം സംഭവിച്ചു എന്നതിന് വിവിധ ശാസ്ത്ര ശാഖകളില്‍ നിന്നുള്ള തെളിവുകള്‍ കുമിഞ്ഞു കൂടുന്നു എന്ന് സമ്മതിക്കുന്നു . മറ്റൊരു പ്രമുഖ ക്രിസ്ത്യന്‍ സഭയായ ആംഗ്ലിക്കന്‍ സഭയുടെ ഔദ്യോഗിക സൈറ്റില്‍ ആവട്ടെ
ഉത്തമനായ ശാസ്ത്രജ്ഞനായിരുന്ന ഡാര്‍വിനെ തെറ്റിദ്ധരിച്ചതിന് ഡാര്‍വിനോട്
നടത്തുന്ന ക്ഷമാപണമാണ് കാണാന്‍ കഴിയുക. 

8. ഫോസിലുകളിൽ പ്രധാനപ്പെട്ട ഇടക്കണ്ണികൾ പലതും ഇനിയും കിട്ടിയിട്ടില്ല. പല ഫോസിലുകളും കെട്ടിച്ചമച്ചതല്ലേ? പല അളവലും വലിപ്പത്തിലുമുള്ള വാഹനങ്ങളുടെ ഫോസിൽ കിട്ടിയാൽ ഒന്ന് മറ്റൊന്നിൽ നിന്നു പരിണമിച്ചുണ്ടായതാണെന്നു പറയുമോ?

സൃഷ്ടിവാദികളുടെ ഒരു സ്ഥിരം വാദമാണിത്. ഇടക്കണ്ണികൾ എന്നാൽ എന്താണെന്ന് ചോദിച്ചാലോ, ഏത് ഇടക്കണ്ണികൾ ആണു മിസ്സിംഗ് എന്ന് ചോദിച്ചാലോ മിക്കവാറും ഉത്തരം തരാതെ ഒഴിഞ്ഞു മാറുകയും ചെയ്യും. പരിണാമം എന്ന അനുസ്യൂതമായ ജൈവിക മാറ്റത്തെ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണു ഇടക്കണ്ണി എന്ന ഒരു പരിധി വരെ തെറ്റായ പ്രയോഗം. ജീവൻ ഉണ്ടായത് മുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ സ്പീഷീസുകളുടേയും എല്ലാ തലമുറകളുടേയും ഫോട്ടോകൾ നാം എടുത്തു എന്ന് സങ്കൽപ്പിക്കുക. അടുത്തടുത്തുള്ള കുറച്ച് തലമുറകളുടെ ഫോട്ടോ പരിശോധിക്കുകയാണെങ്കിൽ എല്ലാം ഒരു പോലിരുന്നേനെ. ഇടക്കണ്ണികൾ പോയിട്ട്, സ്പീഷീസുകൾ തമ്മിൽ എവിടെ നിന്ന് വേർപിരിയുന്നു എന്ന് പോലും മനസ്സിലാക്കാതെ നാം കുഴങ്ങും. ഇനി ഫോട്ടോ എന്നത് മാറ്റി ഫോസിൽ എന്നത് സങ്കൽപ്പിക്കുക. എല്ലാ ജീവികളുടേയും ഫോസിൽ കിട്ടിയിരുന്നുവെങ്കിൽ ഇടക്കണ്ണി എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ലായിരുന്നു. എന്നാൽ ഫോസിലീകരണം എന്നത് അത്യപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണു. ആധുനിക പരിണാമശാസ്ത്രം ഫോസിലുകളെ സമീപിക്കുന്നത് ഒരു ബോണസ് എവിഡൻസ് എന്ന നിലയിലും ആണു. അങ്ങനെ നോക്കുമ്പോൾ
നാം ഉൾപ്പെടെ ഉള്ള എല്ലാ ജീവികളും 'ഇടക്കണ്ണികൾ' ആണു. 

ഫോസിലുകളുടെ ഈ ദൗർലഭ്യമാണു ഇടക്കണ്ണികൾ എന്നു വിളിക്കപ്പെടുന്ന ഫോസിലുകൾക്ക് പ്രാധാന്യം ഉണ്ടാക്കുന്നത്. ഇവിടെ ഒരു വലിയ ലിസ്റ്റ് ഉണ്ട്. ഇതൊന്നും കൃത്രിമമായി ഉണ്ടാക്കിയതല്ല:  


ഫോസിലുകൾലഭിക്കുക എന്നത് അത്യപൂർവമായ ഒരു പ്രതിഭാസം ആയതിനാൽ ചില
'കച്ചവടലാക്കുള്ളവർ' കൃത്രിമമായി ഫോസിലുകൾ സൃഷ്ടിച്ച് ശാസ്ത്രത്തെ
പറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണു. പിൽറ്റ്ഡൗൺ മാൻ ഒക്കെ
ഉദാഹരണമാണു. എന്നാൽ ഇതൊക്കെ ശാസ്ത്രം തന്നെ തള്ളിക്കളഞ്ഞിട്ടും ഉണ്ട്. 

പരിണാമംഎന്നത് ജൈവികമായ ഒരു പ്രൊസസ്സ് ആണു. കാർ പോലെ അജൈവിക പദാർത്ഥങ്ങൾ പരിണമിക്കുന്നില്ല എന്ന് പറയുന്ന ഒരാൾക്ക് ജൈവ - അജൈവ വസ്തുക്കൾ തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് മാത്രമേ പറയാനൊക്കൂ. 

9. പരിണാമം സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇന്ന് ജീവികൾ പരിണമിക്കുന്നില്ല? ഉദാഹരണത്തിനു മനുഷ്യൻ എന്ത് കൊണ്ട് പരിണമിച്ച് മറ്റൊരു ജീവി ആയി മാറുന്നില്ല?

 പരിണാമം അനുസ്യൂതമായ ഒരു പ്രതിഭാസം ആണ്. അത് നിലച്ച് പോയിട്ടൊന്നുമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് പരിണാമത്തിന്റെ തോത് ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ എന്തിനു തലമുറകൾ കൊണ്ട്
പോലും മനസ്സിലാക്കാൻ കഴിയാത്തത്ര പതുക്കെയാണു മിക്ക ജീവി വർഗങ്ങളിലും
സംഭവിക്കുന്നത് എന്നതാണു. ഹോമോ സാപിയൻസ് എന്ന സ്പീഷീസ് - ആധുനിക മനുഷ്യൻ - അതിന്റെ പൂർവികരിൽ നിന്ന് പരിണമിച്ചിട്ട് രണ്ട് ലക്ഷം വർഷങ്ങൾ ആയി. ഈ കാലയളവ് പോലും ജീവൻ ഉത്ഭവിച്ചതിനു ശേഷം പരിണാമത്തിന്റെ ബൃഹത്തായ കാലയളവ് പരിശോധിക്കുമ്പോൾ ഒന്നുമല്ല. ജീവന്റെ ആവിർഭാവം, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 380 കോടി വർഷങ്ങൾ മുമ്പ് സംഭവിച്ചു എന്നാണു കരുതപ്പെടുന്നത്. ഈ 380 കോടി വർഷത്തെ കണക്കു കൂട്ടാനുള്ള എളുപ്പത്തിനു നമ്മൾ ഒരു വർഷത്തിലേക്ക് ചുരുക്കുകയാണെങ്കിൽ മനുഷ്യൻ ഉണ്ടായിട്ട് (രണ്ട് ലക്ഷം വർഷങ്ങൾ) വെറും 27 മിനിറ്റ് മാത്രമേ ആയിട്ടുള്ളൂ. അതിൽ ഒരു സെക്കന്റ് പോലും ആയുസ്സില്ലാത്ത നാം സ്പീഷീസിൽ നിന്ന് സ്പീഷീസുകളിലേക്കുള്ള പരിണാമം കണ്മുന്നിൽ കാണണം എന്ന് വാശി പിടിക്കുന്നത് ബാലിശമാണ്. എന്നാല് മ്യൂട്ടേഷനുകളും, അത് പ്രകൃതി നിർധാരണം വഴി സ്വീകരിക്കപ്പെടുന്നതിനും നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. 

പരിണാമം ലക്ഷ്യബോധമുള്ള ഒരു പ്രവർത്തി അല്ല. അത് കൊണ്ട് തന്നെ മനുഷ്യൻ  പരിണമിച്ച് 'ഇന്ന' ജീവി ആയിത്തീരുമോ എന്നൊന്നും പറയുക സാധ്യമല്ല. ആഫ്രിക്കയിൽ ഉത്ഭവിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചേക്കേറിയ മനുഷ്യനിൽ ത്വക്ക് നിറം, ഉയരം ഉൾപ്പെടെ പല വേരിയേഷനുകളും സംഭവിച്ചതായി കാണാം. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യനും, മറ്റേതൊരു ജീവിയേയും പോലെ പരിണാമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിധേയമാണ് എന്നതാണ്. ലാക്ടോസ് ടോളറൻസ് ഒരുദാഹരണം.

മ്യൂട്ടേഷനുകൾ നടന്നു കൊണ്ടേയിരിക്കുന്നു. ചില നിരീക്ഷണളെ കുറിച്ചുള്ള
വിശദാംശങ്ങൾ ഈ വാർത്തകളിൽ വായിക്കാം. 





മറ്റൊരു കാര്യം, പരിണാമത്തിന്റെ തോത് എല്ലാ ജീവികളിലും ഒരു പോലെ അല്ല എന്നതാണു. മില്യൺ കണക്കിനു വർഷങ്ങളായി കാര്യമായ പരിണാമം സംഭവിക്കാത്ത ജീവികളും ഇവിടെ ഉണ്ട്; അതേ സമയം ലെൻസ്കിയുടെ ലാബിൽ ഏതാനും വർഷങ്ങൾ കൊണ്ട് പരിണമിച്ച ബാക്റ്റീരിയകളും ഉണ്ട്. മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് കണ്മുന്നിൽ പരിണാമം നടക്കുന്നതെങ്ങനെ എന്ന് കൃത്യമായി അറിയാൻ കഴിയും. ആന്റിബയോട്ടിക്കുകളോട് പ്രതിരോധശക്തി നേടുന്ന ബാക്റ്റീരിയകൾ പരിണാമത്തെയാണ് സാധൂകരിക്കുന്നത്. അങ്ങനെ പ്രകൃതിയിലേക്ക് നോക്കിക്കഴിഞ്ഞാൽ പരിണാമത്തിനു ഒരു പാട് ജീവിക്കുന്ന ഉദാഹരണങ്ങൾ കാണാം!

10. പരിണാമം എപ്പോഴും പുരോഗമനപരമാണോ? അതായത് ജീവികൾ കാലം കഴിയുന്തോറും കൂടുതൽ മികച്ച സ്പീഷീസുകൾ ആയി എപ്പോഴും പരിണമിക്കുന്നുണ്ടോ?

അങ്ങനെ ഒരു നിർബന്ധവും ഇല്ല. പരിണാമത്തിന്റെ പ്രധാനപ്പെട്ട മെക്കാനിസമായ പ്രകൃതിനിർധാരണം നിലനിൽപ്പിനും, പ്രത്യുൽപ്പാദനത്തിനും കൂടുതൽ അനുയോജ്യമായ മാറ്റങ്ങളെയാണു പരിപോഷിപ്പിക്കുക എങ്കിലും പരിണാമം എപ്പോഴും പുരോഗമന പരം ആകണം എന്നില്ല. ഇതിനു പല കാരണങ്ങൾ ഉണ്ട്. 

ഒന്ന്, "പ്രകൃതി നിർധാരണം എല്ലായ്പ്പോഴും ജീവിവർഗങ്ങളെ അവയുടെ പരിതസ്ഥിതിയിൽ ഏറ്റവും മികച്ച രീതിയിൽ അതിജീവിക്കാൻ തക്ക രീതിയിൽ പരിണമിപ്പിക്കുന്നു" എന്ന തെറ്റിദ്ധാരണ. സത്യത്തിൽ  പ്രകൃതി നിർധാരണത്തിലൂടെ ഏറ്റവും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിയുന്ന ഒരു ജീവിവർഗം അല്ല സർവൈവ് ചെയ്യപ്പെടുന്നത്; മറിച്ച് 'പാസ് മാർക്കു'മായി ഏതെങ്കിലും തരത്തിൽ അതിജീവിക്കാൻ കഴിയുന്ന, ആ വർഗത്തിലെ ഒരു കൂട്ടം ജീവികൾ ആയിരിക്കും. അതിജീവനത്തിനു വേണ്ട ഒന്നിൽ കൂടുതൽ 'ട്രെയിറ്റുകൾ' ആ ജീവികൾക്ക് ഉണ്ടായിരിക്കാം. അതായത്; അതിനു മ്യൂട്ടേഷൻ നടക്കണം എന്ന നിർബന്ധം പോലും ഇല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സ്പീഷീസ് നിലനിന്നു പോകുന്നതിനു എവല്യൂഷനറി മാറ്റങ്ങൾ സംഭവിച്ചു കൊള്ളണം എന്ന നിർബന്ധം ഇല്ല. (ചില മോസുകൾ, ഫംഗൈ, ക്രേ ഫിഷ്, ഷാർക്കുകൾ എന്നിവ
ഉദാഹരണം)

രണ്ടാമതായി, അഡാപ്റ്റിവ് മാറ്റങ്ങൾക്ക് (Adaptive
changes) കാരണമാകാത്ത മെക്കാനിസങ്ങളും പരിണാമത്തിലുണ്ട്. ചിലപ്പോഴൊക്കെ മ്യൂട്ടേഷനും, മൈഗ്രേഷനും, ജെനറ്റിക് ഡ്രിഫ്റ്റും ഒക്കെ ഒരു പോപ്പുലേഷനെ അവയുടെ പരിതസ്ഥിതിക്ക് പൊതുവായി യോജിച്ച് പോകാത്ത രീതിയിലും പരിണമിപ്പിക്കാം. ഉദാഹരണത്തിനു സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കാനെർ പോപ്പുലേഷനിൽ ഹണ്ടിംഗ്ടൺ രോഗത്തിനു ( http://en.wikipedia.org/wiki/Huntington's_disease ) കാരണമാകുന്ന ജീൻ ഫ്രീക്വൻസി കൂടുതൽ ആയി കാണപ്പെടുന്നു. 

അവസാനമായി, 'മികച്ച'' എന്ന വാക്കിനു തന്നെ പരിണാമത്തിൽ വലിയ പ്രസക്തി ഇല്ല. കാലാവസ്ഥ മാറുമ്പോഴോ,  ആവാസവ്യവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുമ്പോഴോ, അതിലേക്ക് പുതിയ ഒരു മത്സരാർത്ഥി കടന്നു വരുമ്പോഴോ ആർജ്ജിച്ചെടുത്ത 'പുരോഗമിച്ച' ട്രെയിറ്റുകൾ വെച്ച് നിലനിൽക്കുക എന്നത് അസാധ്യമാകും. ഇനി മാറാത്ത ആവാസവ്യവസ്ഥ എടുക്കുകയാണെങ്കിൽ തന്നെ ഈ മികവ് എന്ന് പറയുന്നത് ആരുടെ കാഴ്ചപ്പാടിൽ കാണുന്നു എന്നതിനു അനുസരിച്ചിരിക്കും. ഒരു ചെടിയുടെ കാഴ്ച്ചപ്പാടിൽ മികച്ചത് എന്നത് ഏറ്റവും മികച്ച രീതിയിൽ പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവാണെങ്കിൽ, ഒരു ചിലന്തിക്ക് ഏറ്റവും മികച്ച രീതിയിൽ അതിന്റെ വിഷം കടത്തി വിടാനുള്ള കഴിവായിരിക്കും. മനുഷ്യനാകട്ടെ, അവന്റെ ബ്യുദ്ധിശക്തി മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള, യുക്തിപരമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും. 

അതായത്, പരിണാമം എന്നത് എപ്പോഴും മികച്ചതിലേക്ക് കയറിപ്പോകാനുള്ള, അതിന്റെ അവസാന പടിയിൽ മനുഷ്യൻ ഉള്ള  ഒരു ഏണിപ്പടിയല്ല; മറിച്ച് ലക്ഷക്കണക്കിനു ശാഖോപശാഖകൾ ഉള്ള ഒരു വലിയ മരം ആണു. മനുഷ്യൻ അതിലെ ഒരു ശാഖ മാത്രം.

11. പരിണാമസിദ്ധാന്തം വെറുമൊരു തിയറി മാത്രമാണു. അത് തെളിയിച്ചിട്ടില്ല; തെളിയിക്കാൻ സാധ്യവുമല്ല! ശരിയല്ലേ?

പരിണാമസിദ്ധാന്തം എന്നത് ഒരു ശാസ്ത്രസിദ്ധാന്തം അഥവാ തിയറി തന്നെയാണ്. പരിണാമ സിദ്ധാന്തം മാത്രമല്ല; ഗുരുത്വാകർഷണ സിദ്ധാന്തവും (ന്യൂട്ടൻ), ആപേക്ഷികത സിദ്ധാന്തവും (ഐൻസ്റ്റീൻ), ആറ്റോമിക സിദ്ധാന്തവും, തിയറി ഓഫ് കൺസർവേഷൻ ഓഫ് മാറ്റർ ആൻഡ് എനർജിയും, തെർമോഡൈനാമിക്സ് സിദ്ധാന്തങ്ങളും, ഫലക ചലന സിദ്ധാന്തവും, കയോസ് സിദ്ധാന്തവും, ജേം തിയറിയും, വൈദ്യുത കാന്തിക സിദ്ധാന്തങ്ങളും, എല്ലാം തന്നെ തിയറികൾ ആണ്! 

തിയറി എന്ന പദത്തെ കാഷ്വൽ ആയി ഉപയോഗിക്കുമ്പോൾ ഉള്ള അർത്ഥം അല്ല ഒരു ശാസ്ത്രീയ തലത്തിൽ അതിനെ നിർവചിക്കുമ്പോൾ എടുക്കേണ്ടത്. തിയറി എന്താണു, ഹൈപ്പോതിസീസ് എന്താണെന്നൊക്കെ അറിയാൻ ഇതൊന്ന് വായിക്കുക: 


ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തിലേക്ക് കടക്കാം. അതിൽ രണ്ട് മുൻവിധികൾ ഉണ്ട്: (1) പരീക്ഷണ ശാലകളിൽ നടത്തപ്പെടുന്ന പരീക്ഷണങ്ങളാൽ ആണു എല്ലാ തിയറികളും പ്രൂവ് ചെയ്യപ്പെടുന്നത്. (2) അങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ പരിണാമത്തെ പഠിക്കുക സാധ്യമല്ല. 

ആദ്യമായി മനസ്സിലാക്കേണ്ടത് പല ശാസ്ത്രീയന്വേഷണങ്ങളും നേരിട്ടുള്ള കണ്ടെത്തലോ, പരീക്ഷണങ്ങളോ അടിസ്ഥാനപ്പെടുത്തിയല്ല. ആസ്ട്രോ ഫിസിസിസ്റ്റുകൾ ഡാർക്ക് മാറ്ററിനെ കണ്ടത് കൊണ്ടല്ല അവയുടെ സാന്നിധ്യം മനസ്സിലാക്കുന്നത്. ജിയോളജിസ്റ്റുകൾ കെ റ്റി എക്സ്റ്റിങ്ഷന്റെ സമയത്ത് ജീവിച്ചിരുന്നത് കൊണ്ടല്ല അത് സംഭവിച്ചു എന്ന മനസ്സിലാക്കിയത്. ആ പഠനങ്ങൾ ഒക്കെ നടന്നത് ഒബ്‌സർവേഷനും, താരതമ്യ പഠനവും പോലെയുള്ള ടൂളുകൾ ഉപയോഗിച്ചാണ്. അത് പോലെ തന്നെ, എവല്യൂഷനറി ബയോളജിസ്റ്റുകളും ആധാരമാക്കുന്നത് പരിണാമം അവശേഷിപ്പിച്ച് പോയ തെളിവുകളെ
അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളും, ജനിതക പരമായ പഠനങ്ങൾ ഒക്കെയാണ്. അത് കൊണ്ട് തന്നെ ഒരു ദിനോസർ വർഗത്തിന്റെ ലീനിയേജ് ഏതൊക്ക് വഴിക്ക് പോയി എന്നത് പരീക്ഷണശാലയിൽ പരീക്ഷണം നടത്തി കണ്ടെത്തുക എന്നതല്ല പരിണാമത്തെ തെളിയിക്കാനുള്ള രീതി. അതേ സമയം പരിണാമത്തിനു കാരണമാകുന്ന മെക്കാനിസങ്ങളെ നമുക്ക് നേരിട്ട് പഠിക്കാം. ബാക്ടീരിയയെ പോലെ അതിവേഗം പ്രജന്നം നടത്തുന്ന ജീവികളിൽ പരിണാമം സംഭവിക്കുന്നത് നേരിട്ട് പഠിച്ചിട്ടും ഉണ്ട്: http://myxo.css.msu.edu/ecoli/

ഏതൊരു തിയറിയും 'Falsifiable' ആയിരിക്കുക എന്നത് അതിന്റെ ആധികാരികതയ്ക്ക് അത്യന്താപേക്ഷിതമാണ്.   ( http://en.wikipedia.org/wiki/Falsifiability ). 
പരിണാമസിദ്ധാന്തം ഫോൾസിഫയബിൾ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ജീവിയുടെ ഫോസിൽ കാംബ്രിയൻ യുഗത്തിലെ പാറകളിൽ നിന്നോ, തിരിച്ചോ കൊണ്ട് വന്നാൽ മതി. പരിണാമം തെറ്റാണെന്ന് തെളിയിക്കാം! മില്യൺ കണക്കിന് ഫോസിൽ തെളിവുകൾ ലഭിച്ചിട്ടും, പരിണാമസിദ്ധാന്തത്തിന് എതിരായ ഒരു തെളിവ്ല്പോലും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. 

12. കണ്ണുപോലെ സങ്കീർണ്ണമായ അവയവങ്ങൾ Irreducibly Complex ആണ്. അങ്ങനെ ഉള്ള ഒരു അവയവം പരിണാമത്തിലൂടെ രൂപം കൊള്ളുക സാധ്യമല്ല; മറിച്ച് 'ബുദ്ധിപൂർവമായ രൂപപ്പെടുത്തലി'ലൂടെ (Intelligent Design) മാത്രമേ അത് സാധ്യമാകൂ. 

ആദ്യമായി Irreducible complexity എന്താണെന്നും, എന്ത് കൊണ്ട് കണ്ണ് ഇറെഡ്യൂസിബ്ലി കോമ്പ്ലക്സ് ആണെന്ന് സൃഷ്ടിവാദികൾ / ഇന്റലിജന്റ് ഡിസൈൻ വാദികൾ പറയുന്നു എന്ന് നോക്കാം.

Irreducible complexity എന്ന പദത്തിന്റെ ഉപജ്ഞാതാവും, ഇന്റലിജന്റ് ഡിസൈൻ വാദിയും ആയ മൈക്കൽ ബെഹെ എന്ത് പറയുന്നു എന്ന് നോക്കാം: Biochemistry professor Michael Behe, the originator of the term irreducible complexity, defines an irreducibly complex system as one "composed of several well-matched, interacting parts that contribute to the basic function, wherein the removal of any one of the parts causes the system to effectively cease functioning"

അതായത്, കണ്ണ് പോലുള്ളൊരു അവയവം വളരെ കോമ്പ്ലക്സ് ആണെന്നും, അതിൽ നിന്ന് ഒരു എലമെന്റ് എങ്കിലും എടുത്ത് മാറ്റിയാൽ 'കാഴ്ച' എന്ന കണ്ണിന്റെ ഏക ഉദ്ദേശ്യം നടക്കില്ല എന്നുമാണ് വാദം. റെഡ്യൂസ് ചെയ്യാൻ പറ്റാത്ത; അഥവാ കുറക്കാൻ പറ്റാത്ത കോമ്പ്ലക്സിറ്റി എന്ന് ചുരുക്കിപ്പറയാം. 

കണ്ണിന്റെ കാര്യത്തിൽ ഇതൊരു വസ്തുതാവിരുദ്ധമായ അഭിപ്രായം ആണ്. അജ്ഞതയിൽ നിന്നുള്ള അഭിപ്രായ പ്രകടനം -  Argument from incredulity  ആയി ഇതിനെ കാണാം: (http://en.wikipedia.org/wiki/Argument_from_ignorance ) 

ഇതിനെ വിശദീകരിക്കാം. തീർച്ചയായും കണ്ണ് എന്ന അവയവം കോമ്പ്ലക്സ് ആണ്. കണ്ണ് മാത്രമല്ല; ശരീരത്തിലെ ഓരോ കോശവും വളരെ കോമ്പ്ലക്സ് തന്നെയാണ്. അതിന്റെ അർഥം അതൊക്കെ ആരെങ്കിലും ഇരുന്ന് ബുദ്ധിപൂർവം ഡിസൈൻ ചെയ്തു എന്നല്ല. കണ്ണ് എന്നതിനെ ലളിതമായി നിർവചിക്കാൻ ശ്രമിക്കാം. പ്രകാശത്തെ സ്വീകരിച്ച് അതിനനുസരിച്ച് സിഗ്നൽ തലച്ചോറിലേക്ക് / ശരീരപ്രവർത്തനങ്ങളെ
നിയന്ത്രിക്കുന്ന ഒരു അവയവത്തിലേക്ക് അയക്കാൻ ശേഷിയുള്ള എന്തിനേയും
കണ്ണിന്റെ Raw രൂപമായി കാണാം. ബെഹെയുടെ അഭിപ്രായ പ്രകാരം ലെൻസും, ഐറിസും, വിട്രിയസും, റെറ്റിനയും, കോർണിയയും, - അല്ലെങ്കിൽ ഇതിലേതെങ്കിലും ഇല്ലാതെ ജീവികൾക്ക് പ്രകാശത്തോട് സംവേദനം നടത്താൻ സാധ്യമല്ല! ഇത് പൂർണമായും തെറ്റാണ്. 

പ്രകാശത്തോട് പ്രതികരിക്കുന്ന വെറും ഫോട്ടോ സെല്ലുകൾ മാത്രം കണ്ണിന്റെ സ്ഥാനത്തുള്ള ജീവികൾ മുതൽ മനുഷ്യനേക്കാൾ എത്രയോ മികച്ച കണ്ണുകൾ ഉള്ള ജീവികൾ വരെ ഇന്ന് നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. വെറും ഫോട്ടോ സെല്ലുകൾ ഉള്ള ജീവികളിൽ നിന്ന് അനുക്രമമായ മ്യൂട്ടേഷൻ വഴി കൂടുതൽ മികച്ച കണ്ണുകൾ ഉള്ള ജീവികളിലേക്ക് എങ്ങനെ പരിണാമം സാധ്യമാകും എന്ന് ഉദാഹരണ സഹിതം റിച്ചാർഡ് ഡോക്കിൻസ് ഇവിടെ വിശദീകരിക്കുന്നത്  നോക്കുക:


ഇതിൽ പറയുന്ന യൂഗ്ലീനയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് വെറും ചില ഫോട്ടോ സെല്ലുകൾ മാത്രമാണുള്ളത്. പ്രകാശത്തിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും മാത്രം തിരിച്ചറിയാൻ കഴിവുള്ളവ. ലെൻസ് ഇല്ലാത്ത അതിന്റെ സ്ഥാനത്ത് കുഴികൾ മാത്രമുള്ള ജീവികളും നമുക്ക് ചുറ്റും ജീവിക്കുന്നു. അവയ്ക്ക് യൂഗ്ലീനയെ
അപേക്ഷിച്ച് വെളിച്ചത്തിന്റെ ദിശ മനസ്സിലാക്കാൻ കഴിയും. ലെൻസ് ഇല്ലാതെ
ഏകദേശം തെളിച്ചമുള്ള ചിത്രം ലഭിക്കാവുന്ന രീതിയിൽ ഉള്ള പിൻ ഹോൾ ക്യാമറ
കണ്ണുകൾ ഉള്ള ജീവികളും ഉണ്ട് (മൊളസ്ക് നോട്ടിലസ്). അങ്ങനെ അനുക്രമമായി ഉള്ള
പരിണാമം വഴി മനുഷ്യനെ പോലെ ഉള്ള കോമ്പ്ലക്സിറ്റി ഉള്ള കണ്ണുകൾ മാത്രമല്ല;
അതിനേക്കാളും മികച്ച കണ്ണുകളും ഉണ്ടാകാം. ഉദാഹരണം: മാന്റിസ് കൊഞ്ചുകൾ.
ലൈറ്റ് സ്പെക്ട്രത്തിൽ നമുക്ക് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്
പോലെ ഉള്ള രശ്മികൾ അവയ്ക്ക് കാണാൻ കഴിയും എന്ന് മാത്രമല്ല; വസ്തുക്കളുടെ
പോളറൈസ്ഡ് ഇമേജ് പോലും ഇതിനു ലഭിക്കും! കൂടുതൽ ഇവിടെ വായിക്കുക. 


മാന്റിസ് കൊഞ്ചുകളുടെ കണ്ണുകളുടെ കോമ്പ്ലക്സിറ്റി വെച്ച് നോക്കുമ്പോൾ മനുഷ്യന്റേതൊക്കെ വളരെ ലളിതമായ കണ്ണുകൾ ആണ്. 

കണ്ണിന്റെ കാര്യത്തിൽ ഇറെഡ്യൂസിബിൾ കോമ്പ്ലക്സിറ്റി എന്ന് പറയുന്നത് ഒരു മിഥ്യാ
ധാരണയാണ്. പ്രത്യേകിച്ച്, അതീവ ലളിതമായ വെറും ഫോട്ടോ സെല്ലുകൾ ഉള്ള കണ്ണുകൾ ഉള്ള ഏകകോശജീവികൾ മുതൽ പടിപടിയായി ഉയർന്ന ഘടനയുള്ള കണ്ണുകൾ ഉള്ള ജീവികളിലൂടെ ചെന്ന് മാന്റിസ് കൊഞ്ചുകൾ വരെ എത്തി നിൽക്കുന്ന ജീവികൾ നമുക്ക് ചുറ്റും ജീവിക്കുമ്പോൾ. അവയൊക്കെ പൂർണമായും ഫംഗ്‌ഷണൽ ആണെന്ന കാര്യവും ഓർക്കുക. 

2017 ഡിസംബർ 3, ഞായറാഴ്‌ച


1 സമുദ്രത്തില്‍ കുമിളകളെന്നപോലെ ഏതൊരണുവിന്റെ ഉള്ളിലാണ് അനന്തകോടി ബ്രഹ്മാണ്ഡങ്ങളുണ്ടായി നിലനിന്നു വിലയം പ്രാപിക്കുന്നത്?

മനസ്സു തുടങ്ങിയ ആറിന്ദ്രിയങ്ങള്‍ക്കും വേദ്യമല്ല പരമാത്മാവെന്ന കാരണത്താല്‍ പരമാണുതന്നെ. അതിലാണ് സംഖ്യാതീതങ്ങളായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നത്.

2 ആകാശമല്ലാത്ത ആകാശം ഏതാണ്?

ബഹിര്‍ഭാഗം, അന്തര്‍ഭാഗം എന്ന ഭേദമില്ലാത്തിനാല്‍ പരമാത്മാവ് ആകാശം തന്നെ. എന്നാല്‍ ഭൂതാകാശം പോലെ ജഡമൊട്ടല്ലതാനും. അതിനാല്‍ ആകാശമല്ലാത്ത ആകാശമെന്നു പറയുന്നതും പരമാത്മാവിനെത്തന്നെ.

3 ഒന്നുമല്ലാത്ത വസ്തു ഏതാണ്?

ഇന്നതെന്നു വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതുകൊണ്ട് ഒന്നുമല്ലാത്ത വസ്തുവും പരമാത്മാവുതന്നെ.

4 ഏതൊന്നാണ് പോയാലും പോവാത്തതായിട്ടിരിക്കുന്നത്?

സത്താമാത്രവും ചേതനാത്മകവുമായ ബ്രഹ്മം എങ്ങും നിറഞ്ഞിരിക്കയാല്‍, പോയും പോവാത്തതായിട്ടിരിക്കുന്നു.

5 ഏതൊന്നാണ് എല്ലാറ്റിനേയും കാണാതെ കാണുന്നത്?

ചേതനാത്മകമാകയാല്‍ എല്ലാറ്റിനേയും കാണുന്നതും ദൃഗാദി ഇന്ദ്രിയങ്ങളില്ലാത്തതിനാല്‍ കാണല്‍ തുടങ്ങിയ വ്യാപാരങ്ങളില്ലാത്തതുമാണ് പരമാത്മാവെന്ന കാരണത്താല്‍ എല്ലാറ്റിനെയും കാണാതെ കാണുന്നു എന്നു പറയുന്നതും യുക്തം തന്നെ.

6 ചേതനാസ്വരൂപമാണെങ്കിലും ഏതൊന്നു കല്ലുപോലിരിക്കുന്നു?

ചേതനാസ്വരൂപമാണെങ്കിലും തന്നില്‍നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ അറിയുക എന്നൊന്നില്ലാത്തതുകൊണ്ടു പരമാത്മാവ് കല്ലുപോലെത്തന്നെ.

7 ആകാശത്തില്‍ ചിത്രമെഴുതുന്നതാരാണ്?

ചിദാകാശസ്വരൂപമായ തന്നില്‍ താന്‍തന്നെയാണ് ജഗച്ചിത്രങ്ങളെ എഴുതുന്നത്.

8 വിത്തില്‍ വൃക്ഷമെന്നപോലെ ഏതൊരണുവില്‍ ജഗത്തെല്ല‍ാം ബീജാകാരേണ അടങ്ങിയിരിക്കുന്നു?

ദൃശഷ്ടമായ ഈ ലോകം മുഴുവന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായതാകയാല്‍ വിത്തില്‍ വൃക്ഷമെന്നപോലെ ബ്രഹ്മത്തില്‍ ജഗജ്ജ്വാലങ്ങള്‍ ബീജാകാരേണ ലയിച്ചിരിക്കുന്നു.

9 തിരനുര മുതലായവ സമുദ്രത്തില്‍ നിന്നു വേറയല്ലാത്തതുപോലെ എല്ലാ വസ്തുക്കളും ഏതൊന്നില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

എല്ല‍ാംതത്ഭവമാണെന്ന കാരണത്താല്‍ ഒന്നും പരമാത്മാവില്‍ നിന്നു വേറെയല്ല.

10 ദ്വൈതംപോലും ഏതൊരു മഹാസമുദ്രത്തില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

അദ്വൈതംപോലും പരമാത്മാവില്‍ നിന്നു വേറെയല്ല.

2017 ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

നിലമ്പൂര്‍ ആയിഷ പറയുന്നു.

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച്ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എന്റെ വയറ് വീര്‍ത്തുവരാന്‍ തുടങ്ങി. ആളുകള്‍ കളിയാക്കാനും. എനിക്കു മനസ്സിലായില്ല എന്താണെന്റെ വയറ് വീര്‍ക്കുന്നതെന്ന്. കാരണം എനിക്കു വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടുതന്നെ കല്യാണത്തിനുശേഷം വീടിനുള്ളില്‍ അടിമപ്പണി ചെയ്യേണ്ടിവന്നവരായിരുന്നു അക്കാലത്തെ സ്ത്രീകള്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ നല്ല സാമ്പത്തികമുള്ള വീട്ടിലായിരുന്നു. ബാപ്പയുടെ മരണത്തോടെ പാപ്പരാവുകയും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാവുകയും ചെയ്തതോടെയാണ് കല്യാണം നടന്നത്. പക്ഷേ, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നാണ് എനിക്കു തോന്നിയത്. ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കയറിട്ട് തൂങ്ങി പിടഞ്ഞുമരിക്കാന്‍ നോക്കിയപ്പോള്‍ കയറ് വെട്ടിയറുത്തെടുത്തത് എന്റെ ജ്യേഷ്ഠനായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മരിച്ചുകാണിക്കുകയല്ല ജീവിച്ചു കാണിക്ക് എന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി. മരിച്ചുകഴിഞ്ഞാല്‍ കുഴിച്ചിടും, പിന്നെ യാതൊന്നും ബാക്കിയുണ്ടാവില്ല. അങ്ങനെ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.
സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ അക്കാലത്ത് ഒരു നാടകം വന്നു. ആണുങ്ങളായിരുന്നു അതില്‍ പെണ്‍വേഷം കെട്ടിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.പി.ആര്‍. ഗോപാലന്‍, ഒളപ്പമണ്ണ, ഇമ്പിച്ചിബാവ തുടങ്ങിയവരുള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്ത്രീകള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചാല്‍ അതൊരു സാമൂഹ്യമാറ്റം ആകുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ നിലമ്പൂര്‍ ബാലന്റെ സഹോദരന്റെ മകള്‍ നാടകത്തിലെത്തി. രണ്ടാമത് ഒരു സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ദിവസം എന്റെ ഉമ്മയുടെ ഗ്രാമഫോണില്‍ പാട്ടുകേട്ട് അതു പാടിയിങ്ങനെ ഇരിക്കുകയാണ് ഞാന്‍. അപ്പോഴാണ് എന്റെ ജ്യേഷ്ഠനോടൊപ്പം നാടകത്തിലുള്ളവര്‍ കയറിവരുന്നത്. എന്നെ കണ്ട് എന്തുകൊണ്ട് നാടകത്തിലഭിനയിച്ചൂട എന്നു ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു വേണ്ട, നമ്മളതു ചെയ്യാന്‍ പാടില്ല, നമുക്കു സമൂഹം ഭ്രഷ്ട് കല്‍പ്പിക്കും എന്ന്. അന്നു ഞാന്‍ പറഞ്ഞു രക്ഷിക്കാന്‍ കഴിയാത്ത ഒരു മതസ്ഥരും നമ്മളെ ശിക്ഷിക്കാന്‍ നടക്കരുത് എന്ന്. അങ്ങനെ പറയാന്‍ കാരണം ഒരുപാടു പേര്‍ക്കു സഹായം ചെയ്ത ബാപ്പ മരിച്ചു ഞങ്ങള്‍ പാപ്പരായപ്പോള്‍ ആരും വന്നിരുന്നില്ല സഹായത്തിന്. നാടകത്തിലഭിനയിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ 1952-ല്‍ 16 വയസ്സുകാരിയായ ഞാന്‍ നാടകത്തിലെത്തി.
ഒരു നാടകനടിയായതിന്റെ പേരില്‍ പല പീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. എനിക്കു നേരെ വെടിവെച്ചു. ഒരു ഡയലോഗ് പറഞ്ഞു നീങ്ങിയതുകൊണ്ടു മാത്രം വെടിയുണ്ട സ്റ്റേജില്‍ തറച്ചു. അടിച്ചു ചെവി പൊട്ടിച്ചു. ഒരു ചെവി ഇപ്പോഴും കേള്‍ക്കില്ല. ഞാന്‍ ചെയ്ത പ്രവര്‍ത്തനത്തിന് എനിക്കു കിട്ടിയ അവാര്‍ഡായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെയിടയില്‍ ജീവിക്കണമെങ്കില്‍ നമുക്കു നാവ് നാല് വേണം. നാടക പ്രവര്‍ത്തനമെല്ലാം ഉപേക്ഷിച്ചു 15 വര്‍ഷത്തോളം ഒരു ഗദ്ദാമയായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഞാന്‍.

നിലം തുടയ്ക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. അതു നന്നായി ചെയ്തപ്പോള്‍ മൂന്നുമാസം കൊണ്ട് ജോലിക്കയറ്റം കിട്ടി. ഖഫീലിന്റെ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുക, അവരുടെ കാര്യങ്ങള്‍ നോക്കുക ഒക്കെയായിരുന്നു പിന്നീട് ജോലി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോള്‍ മലയാളികളോട് മലയാളത്തില്‍ പറയും, ഹിന്ദിക്കാരോട് മുറി ഹിന്ദി, തമിഴരോട് നന്നായി തമിഴ്, ഇംഗ്‌ളീഷുകാരോട് അതിനെക്കാള്‍ മുറി ഇംഗ്‌ളീഷും. ഇതൊക്കെ കണ്ടപ്പോള്‍ ഖഫീലിന്റെ മൂത്തമോള് അദ്ഭുതത്തില്‍ ഉമ്മയോട് പറഞ്ഞു ആയിഷ ഡോക്ടറാണ് എന്ന്. ഞാന്‍ നടിയാണല്ലോ, ഞാന്‍ പിന്നെ ഡോക്ടറുടെ മാതിരിയായി. ഇന്‍ജക്ഷനെല്ലാം ചെയ്തുകൊടുക്കും. അങ്ങനെ വലിയ ഒരാളായി ഞാന്‍ അവരുടെയിടയില്‍. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, എനിക്ക് ബത്ത എന്ന സ്ഥലത്തു പോകണം. എന്റെ സഹോദരന്മാര്‍ അവിടെയുണ്ടെന്ന്. 36 കാറുണ്ട് ഖഫീലിന്. ഒരു കാറെടുത്ത് ഡ്രൈവറേയും കൂട്ടി പൊയ്‌ക്കോളാന്‍ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ മലയാളികളെല്ലാം ഭയങ്കര സ്‌നേഹത്തില്‍ എഴുന്നേറ്റ് നിന്നു സംസാരിച്ചു. ഖഫീലിന്റെ മകള്‍ എന്നെ ഫോളോ ചെയ്തിരുന്നു. അവര്‍ വീട്ടില്‍ ചെന്നിട്ട് പറഞ്ഞു ആയിഷ ഇന്ദിരാ ഗാന്ധിയാണ്, എല്ലാ മനുഷ്യരും കണ്ടപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു എന്ന്. പിന്നെ ഞാന്‍ അവിടെ ഇന്ദിരാ ഗാന്ധിയാണ്. ഭരണമൊക്കെ പിന്നെ എന്റെ കയ്യിലായി. ഒരിക്കല്‍ ഞാന്‍ എന്റെ കാസറ്റുകള്‍ അവര്‍ക്ക് ഇട്ടുകൊടുത്തു. അവര്‍ ഭയങ്കര അദ്ഭുതത്തില്‍ സ്‌ക്രീനിലേക്കു നോക്കും എന്റെ മുഖത്തു നോക്കും. പിന്നേം സ്‌ക്രീനിലേക്കും എന്റെ മുഖത്തേക്കും. എന്നിട്ട് ഖഫീലിന്റെ മോള് പറഞ്ഞു, ആയിഷ ഹേമമാലിനിയാണെന്ന്. അങ്ങനെ ഞാന്‍ അതുമായി.
പോരാന്‍ നേരത്ത് എനിക്കൊരു മുത്തവ്വിയുമായി ഒന്നു സംസാരിക്കണം എന്നു ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഞാന്‍ ചെയ്തതു ശരിയോ തെറ്റോ എന്നെനിക്കറിയണം. അങ്ങനെ ഫോണിലൂടെ സംഘടിപ്പിച്ചു തന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ ഒരു കലാകാരിയാണ്. അതിന്റെ പേരില്‍ ഒരുപാട് പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ ചെയ്യുന്നതു ശരിയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞത്, നീ ചെയ്യുന്ന പ്രവര്‍ത്തനം മനുഷ്യരെ നന്നാക്കുന്നതാണെങ്കില്‍ നീ ചെയ്യുന്നതാണ് ശരി എന്ന്.
എന്റെ മുന്നിലിരിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. ഉള്‍വലിഞ്ഞുപോക്ക് മുസ്‌ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12-ഉം 13-ഉം വയസ്സില്‍ വിവാഹം ചെയ്തു പോകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എനിക്കൊരു നഷ്ടവുമുണ്ടായിട്ടില്ല. ഞാന്‍ ജീവിക്കുന്നില്ലേ. ഒരു പുരുഷനില്ലാതേയും ജീവിക്കാന്‍ കഴിയും. ഒരു പുരുഷനെ സഹോദരനായി കാണാം, അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് നടക്കാം. കെട്ടിപ്പിടിക്കാം. എന്നെ ആരു കെട്ടിപ്പിടിച്ചാലും എനിക്കൊന്നുമില്ല. ഞാന്‍ ഒരു മരം മാതിരിയാണ്. അതായിരിക്കണം നമ്മുടെ മനസ്സ്. മരമായി മാറണം നമ്മള്‍. അത്ര ശക്തി നമ്മള്‍ക്കു വേണം. അലിവ് നമുക്ക് ആവശ്യമില്ല. ഞാന്‍ അഞ്ചാംതരം വരെ മാത്രം പഠിച്ചൊരാളാണ്. എന്നിട്ടുപോലും ഇത്ര ശക്തിയായി പലതിനേയും എതിര്‍ത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു ജീവിതത്തില്‍ അനുഭവിച്ച ദുഃഖങ്ങള്‍ കൊണ്ടുകൂടിയാണ്.
ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് നാടകം കളിക്കാന്‍ പോയി. ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്. അപ്പോള്‍ ഒരു പത്തുപതിനഞ്ചു പര്‍ദ്ദധാരികള്‍ ദൂരെ വന്നുനിന്നിട്ട് എന്നെയിങ്ങനെ നോക്കുന്നു. ഞാന്‍ അവരെ അടുത്തേക്കു വിളിച്ചിട്ട് ചോദിച്ചു എന്തേ ഇങ്ങനെ നോക്കുന്നത്, ഞാന്‍ നാടകം കളിക്കാന്‍ വന്നതാണ്. നിങ്ങളുടെ കുട്ടികളൊക്കെ ഉണ്ടെങ്കില്‍ കൊണ്ടുവരൂ നമുക്കു പാട്ടൊക്കെ പാടിക്കാം എന്ന്. അപ്പോ അവര് പറഞ്ഞത് ഏയ് ഞങ്ങള്‍ക്കിതൊന്നും പാടില്ല. അപ്പോ ഞാന്‍ ചോദിച്ചു നിങ്ങളുടെ പര്‍ദ്ദയ്‌ക്കെന്തിനാണ് ചിറക് പോലെ വെച്ചിരിക്കുന്നത്. എന്തിനാണ് ഗില്‍റ്റ്, അതിനെന്തിനാണ് എംബ്രോയ്ഡറി. അള്ളാഹു ളോഹയിടാനാണ് പറഞ്ഞതെങ്കില്‍ ഒരു ളോഹയിട്ടാല്‍ പോരെ. മനുഷ്യനെ നന്നാക്കാനാണെങ്കില്‍ നമ്മള്‍ക്ക് അനുസരിച്ച ഒരു ഉടുപ്പിടുക, നമ്മള്‍ പ്രവര്‍ത്തിക്കുക. കലാരംഗത്തു പ്രവര്‍ത്തിക്കുന്നതു കുറ്റമായി കാണരുത്. നാടകം എന്നു പറഞ്ഞാല്‍ നാടിന്റെ അകമാണ്. അവര്‍ കലഹപ്രിയരാണ്, ഏതുനേരവും കലഹിച്ചുകൊണ്ടേയിരിക്കും. ശരിയും തെറ്റും ഉറക്കെ പറയുന്നവരാണ് കലാകാരന്മാര്‍.
(സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ പ്രസംഗം)

2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ചേലാകർമ്മം
എഴുതിയത്  ആർ സീ :
ചേലാകർമ്മം 
 ഫെയ്സ്ബുക്കിലും നിറഞ്ഞുകവിയുന്നു. അതിനി ഞാനായിട്ട് പൊലിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ ആ തീരുമാനം മാറ്റേണ്ട സാഹചര്യമുണ്ട്. പോസ്റ്റുകളും കമന്റുകളും എഴുതുന്ന പലർക്കും 'സംഭവം' എന്താണെന്ന് വ്യക്തമായി പിടികിട്ടിയ മട്ടില്ല. പലരും മനസ്സിലാക്കിയിട്ടുള്ളത് ഇത് 'കന്യാചർമ്മം' നീക്കംചെയ്യലോ മറ്റോ ആണെന്നാണ്!

ചേലാകർമ്മം എന്നത് Female genital mutilation (F.G.M) എന്ന പ്രാകൃതമായ ആചാരമാണ്. ആൺകുട്ടികളുടെ അഗ്രചർമ്മം മുറിച്ചുമാറ്റലുമായി (circumcision) ഇതിന് സാദൃശ്യമില്ല. ആഫ്രിക്കയിലെ പ്രാകൃതസമൂഹങ്ങള്‍ പണ്ടുകാലത്ത് തുടങ്ങിവച്ച ഒരു അനാചാരമാണ് F.G.M. മറ്റ് പല അനാചാരങ്ങളുമെന്നപോലെ ഇതും ഇപ്പോഴും തുടരുന്നു. ഈ നിമിഷവും ലോകത്തെ 27 രാജ്യങ്ങളിലായി 20 കോടിയിലേറെ സ്ത്രീകൾ ഇതിന്റെ ഇരകളായി ജീവിക്കുന്നുണ്ട്.
ലോകത്തെ ജീവജാതികളില്‍ മനുഷ്യകുലത്തിൽപ്പെട്ട സ്ത്രീവർഗ്ഗത്തിനുമാത്രം അവകാശപ്പെട്ട ഒരു ലൈംഗികാവയവയമാണ് ക്ലിറ്റോറിസ്! ഇതിനെ ഒരു മിനിയേച്ചർ പീനിസ് (സൂക്ഷ്മലിംഗം) എന്ന് വിളിക്കാം. ഈ അത്ഭുതാവയവത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് ആണിനെപ്പോലെതന്നെ പെണ്ണിനും ഓര്‍ഗാസം എന്ന ദിവ്യാനുഭൂതി ലഭിക്കുന്നത്. ചേലാകര്‍മ്മത്തിന്റെ സാമാന്യ അര്‍ത്ഥം പെണ്‍കുഞ്ഞിന്റെ ക്ലിറ്റോറിസ് മുറിച്ചുകളയുക എന്നതാണ് (Hymen എന്ന കന്യാഛദമല്ല മുറിക്കുന്നത്). അങ്ങനെ അവള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ആ അവയവത്തിലൂടെ ലഭ്യമാകേണ്ട സെക്ഷ്വല്‍ സ്റ്റിമുലേഷന്‍ ജീവിതകാലത്തേക്ക് മുഴുവന്‍ ഇല്ലാതാക്കുന്നു. അതേസമയം, അനുഭൂതിരഹിതമായ ഇണചേരലിനും ഗര്‍ഭധാരണത്തിനും അവള്‍ക്ക് കഴിവുണ്ടായിരിക്കുകയുംചെയ്യും. (ശരീരസ്രവങ്ങള്‍ പുറത്തുപോകുന്നതിന് ഒരു സുഷിരം മാത്രം ബാക്കിവച്ച് ബാഹ്യ സ്ത്രൈണാവയവം പാടേ തുന്നിക്കൂട്ടുന്നതടക്കം പലതരം FGM രീതികളുണ്ട്. അതില്‍ ഏറ്റവും ലളിതമായ പ്രൊസീജിയറിനെപ്പറ്റിയാണ് മുകളില്‍ എഴുതിയത്). 

പ്രാകൃതകാലത്തെ പുരുഷന് പെണ്ണ് അവന്റെ സ്വകാര്യ ഉപകരണം മാത്രമായിരുന്നു (ഇന്നും ചിലര്‍ക്ക് അത് അങ്ങനെതന്നെ). അവള്‍ ലൈംഗികസുഖത്തിനായി മറ്റൊരാളെ തേടിപ്പോകരുത് എന്ന സ്വാര്‍ത്ഥതയില്‍നിന്നാണ് FGM ഉണ്ടായത്. അതിന്റെ ഇരകള്‍ക്ക് ഉത്തേജനം നഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട് പുരുഷന് ഏകപക്ഷീയമായ ലൈംഗികാനുഭൂതിയും സന്താനോല്പാദനവും സാദ്ധ്യമാവുകയുംചെയ്യും. ഇത്ര ഭയാനകമായ ഒരു അനാചാരം ഇന്നും നമ്മുടെ കേരളത്തില്‍പ്പോലും നിലനില്‍ക്കുന്നു എന്നത് ലജ്ജാകരമല്ലേ?!