ചേലാകർമ്മം
എഴുതിയത് ആർ സീ :ചേലാകർമ്മം ഫെയ്സ്ബുക്കിലും നിറഞ്ഞുകവിയുന്നു. അതിനി ഞാനായിട്ട് പൊലിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ ആ തീരുമാനം മാറ്റേണ്ട സാഹചര്യമുണ്ട്. പോസ്റ്റുകളും കമന്റുകളും എഴുതുന്ന പലർക്കും 'സംഭവം' എന്താണെന്ന് വ്യക്തമായി പിടികിട്ടിയ മട്ടില്ല. പലരും മനസ്സിലാക്കിയിട്ടുള്ളത് ഇത് 'കന്യാചർമ്മം' നീക്കംചെയ്യലോ മറ്റോ ആണെന്നാണ്!
ചേലാകർമ്മം എന്നത് Female genital mutilation (F.G.M) എന്ന പ്രാകൃതമായ ആചാരമാണ്. ആൺകുട്ടികളുടെ അഗ്രചർമ്മം മുറിച്ചുമാറ്റലുമായി (circumcision) ഇതിന് സാദൃശ്യമില്ല. ആഫ്രിക്കയിലെ പ്രാകൃതസമൂഹങ്ങള്‍ പണ്ടുകാലത്ത് തുടങ്ങിവച്ച ഒരു അനാചാരമാണ് F.G.M. മറ്റ് പല അനാചാരങ്ങളുമെന്നപോലെ ഇതും ഇപ്പോഴും തുടരുന്നു. ഈ നിമിഷവും ലോകത്തെ 27 രാജ്യങ്ങളിലായി 20 കോടിയിലേറെ സ്ത്രീകൾ ഇതിന്റെ ഇരകളായി ജീവിക്കുന്നുണ്ട്.
ലോകത്തെ ജീവജാതികളില്‍ മനുഷ്യകുലത്തിൽപ്പെട്ട സ്ത്രീവർഗ്ഗത്തിനുമാത്രം അവകാശപ്പെട്ട ഒരു ലൈംഗികാവയവയമാണ് ക്ലിറ്റോറിസ്! ഇതിനെ ഒരു മിനിയേച്ചർ പീനിസ് (സൂക്ഷ്മലിംഗം) എന്ന് വിളിക്കാം. ഈ അത്ഭുതാവയവത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് ആണിനെപ്പോലെതന്നെ പെണ്ണിനും ഓര്‍ഗാസം എന്ന ദിവ്യാനുഭൂതി ലഭിക്കുന്നത്. ചേലാകര്‍മ്മത്തിന്റെ സാമാന്യ അര്‍ത്ഥം പെണ്‍കുഞ്ഞിന്റെ ക്ലിറ്റോറിസ് മുറിച്ചുകളയുക എന്നതാണ് (Hymen എന്ന കന്യാഛദമല്ല മുറിക്കുന്നത്). അങ്ങനെ അവള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ആ അവയവത്തിലൂടെ ലഭ്യമാകേണ്ട സെക്ഷ്വല്‍ സ്റ്റിമുലേഷന്‍ ജീവിതകാലത്തേക്ക് മുഴുവന്‍ ഇല്ലാതാക്കുന്നു. അതേസമയം, അനുഭൂതിരഹിതമായ ഇണചേരലിനും ഗര്‍ഭധാരണത്തിനും അവള്‍ക്ക് കഴിവുണ്ടായിരിക്കുകയുംചെയ്യും. (ശരീരസ്രവങ്ങള്‍ പുറത്തുപോകുന്നതിന് ഒരു സുഷിരം മാത്രം ബാക്കിവച്ച് ബാഹ്യ സ്ത്രൈണാവയവം പാടേ തുന്നിക്കൂട്ടുന്നതടക്കം പലതരം FGM രീതികളുണ്ട്. അതില്‍ ഏറ്റവും ലളിതമായ പ്രൊസീജിയറിനെപ്പറ്റിയാണ് മുകളില്‍ എഴുതിയത്).
പ്രാകൃതകാലത്തെ പുരുഷന് പെണ്ണ് അവന്റെ സ്വകാര്യ ഉപകരണം മാത്രമായിരുന്നു (ഇന്നും ചിലര്‍ക്ക് അത് അങ്ങനെതന്നെ). അവള്‍ ലൈംഗികസുഖത്തിനായി മറ്റൊരാളെ തേടിപ്പോകരുത് എന്ന സ്വാര്‍ത്ഥതയില്‍നിന്നാണ് FGM ഉണ്ടായത്. അതിന്റെ ഇരകള്‍ക്ക് ഉത്തേജനം നഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട് പുരുഷന് ഏകപക്ഷീയമായ ലൈംഗികാനുഭൂതിയും സന്താനോല്പാദനവും സാദ്ധ്യമാവുകയുംചെയ്യും. ഇത്ര ഭയാനകമായ ഒരു അനാചാരം ഇന്നും നമ്മുടെ കേരളത്തില്‍പ്പോലും നിലനില്‍ക്കുന്നു എന്നത് ലജ്ജാകരമല്ലേ?!
